പൗരത്വ പ്രക്ഷോഭകരെ തുറുങ്കിലടക്കുന്നത് അവസാനിപ്പിക്കുക: പോപുലര്‍ ഫ്രണ്ട് പ്രതിഷേധ സംഗമം

കാംപയിന്റെ ഭാഗമായി തുടര്‍ ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനും പ്രാദേശിക തലങ്ങളില്‍ ഹൗസ് കാംപയിനും മറ്റ് പ്രതിഷേധ പരിപാടികളും നടത്തുമെന്നും സംഗമത്തില്‍ സംസാരിച്ച നേതാക്കള്‍ പറഞ്ഞു.

Update: 2020-06-16 09:09 GMT

തിരുവനന്തപുരം: സംഘപരിവാര്‍ നടത്തിയ ഡല്‍ഹി കലാപത്തിന്റെ മറവില്‍ പൗരത്വ പ്രക്ഷോഭകരെ അടിച്ചമര്‍ത്താനും വേട്ടയാടാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ലോക്ക് ഡൗണ്‍ ഇതിന് സമര്‍ത്ഥമായി ഉപയോഗിക്കുകയാണെന്നും പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് എ നിസാറുദ്ദീന്‍ മൗലവി. സിഎഎ വിരുദ്ധ പ്രക്ഷേഭകര്‍ക്ക് നേരെ നടക്കുന്ന പോലിസ് അതിക്രമങ്ങളുടെയും ലോക്ക് ഡൗണിന്റെ മറവില്‍ നടക്കുന്ന ഫാഷിസ്റ്റ് അഴിഞ്ഞാട്ടത്തിന്റെയും പശ്ചാത്തലത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന കാംപയിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ബിജെപിയുടെ നിയന്ത്രണത്തിലുള്ള കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശപ്രകാരം ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് മുസ്‌ലിംകള്‍ക്കെതിരായ ആസൂത്രിത പോലിസ് വേട്ടയാണ്. പോലിസ് അതിക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് യാതൊരു സാഹചര്യവുമില്ലാത്തതിനാല്‍ മാര്‍ച്ച് 24 മുതല്‍ നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ തങ്ങളുടെ വര്‍ഗീയ, ഫാഷിസ്റ്റ് അജണ്ട നടപ്പാക്കാന്‍ സര്‍ക്കാര്‍ സുവര്‍ണ്ണാവസരമാക്കി മാറ്റിയിരിക്കുകയാണ്.

ലോക്ക്ഡൗണ്‍ നിമിത്തം രാജ്യത്ത് എല്ലാം നിലച്ച സാഹചര്യത്തിലും ഈ ലോക്ക്ഡൗണിനെ മുതലെടുത്തുതന്നെ ഫാഷിസ്റ്റ് അജണ്ട തടസ്സമില്ലാതെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. നിസാറുദ്ദീന്‍ മൗലവി പറഞ്ഞു.

പോപുലര്‍ ഫ്രണ്ട് പോലുള്ള മുസ്‌ലിം സംഘടനകളെയും സര്‍ക്കാര്‍ ഈ സാഹചര്യം മുതലെടുത്ത് ലക്ഷ്യം വെക്കുകയാണ്. അക്രമത്തിന് പ്രേരിപ്പിക്കുകയും ധനസഹായം നല്‍കുകയും ചെയ്തുവെന്ന വ്യാജ ആരോപണങ്ങളില്‍ ഡല്‍ഹി, യുപി സംസ്ഥാനങ്ങളിലെ പോപുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. സിഎഎ വിരുദ്ധ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ മുസ്‌ലിം വിദ്യാര്‍ഥി പ്രവര്‍ത്തകരെയും വ്യാജ ആരോപണങ്ങളില്‍ അറസ്റ്റു ചെയ്തു. ഡല്‍ഹി പോലിസിനെതിരായ പരാതികളില്‍ നടപടിയെടുക്കാന്‍ ധൈര്യം കാണിച്ചുവെന്ന ഏക കാരണത്താല്‍ രാജ്യദ്രോഹക്കുറ്റം ചാര്‍ത്തി ഡല്‍ഹി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍പേഴ്‌സണെപ്പോലും കേന്ദ്ര സര്‍ക്കാര്‍ വെറുതെ വിട്ടില്ലെന്നും നിസാറുദ്ദീന്‍ മൗലവി പറഞ്ഞു. തുടര്‍ന്ന് രാജ്ഭവനിലും ഗാന്ധിപാര്‍ക്കിലും നടന്ന സംഗമങ്ങളില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ സലിം കരമന, നയാസ് പൂന്തുറ തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്തു.

വൈകീട്ട് അഞ്ചിന് ഈഞ്ചയ്ക്കല്‍ ജങ്ഷന്‍, മണക്കാട് തയ്ക്കാപ്പള്ളി ജങ്ഷന്‍, അട്ടക്കുളങ്ങര, പൂന്തുറ എസ്എം ലോക്ക്, പരുത്തിക്കുഴി ജങ്ഷന്‍, ബീമാപള്ളി, കോവളം, ബാലരാമപുരം, നെയ്യാറ്റിന്‍കര, പുവാര്‍, പാറശാല, വെള്ളായണി ജങ്ഷന്‍, കരമന, വട്ടിയൂര്‍ക്കാവ്, കാട്ടാക്കട, പൂവച്ചല്‍, പേയാട്, കണിയാപുരം, നെടുമങ്ങാട്, അഴിക്കോട് എന്നിവിടങ്ങളില്‍ പ്രതിഷേധ ധര്‍ണ നടക്കും.

കാംപയിന്റെ ഭാഗമായി തുടര്‍ ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനും പ്രാദേശിക തലങ്ങളില്‍ ഹൗസ് കാംപയിനും മറ്റ് പ്രതിഷേധ പരിപാടികളും നടത്തുമെന്നും സംഗമത്തില്‍ സംസാരിച്ച നേതാക്കള്‍ പറഞ്ഞു. 

Tags: