പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: സ്വത്ത് കണ്ടുകെട്ടുന്നതില്‍ ഹൈക്കോടതി കാണിക്കുന്ന അമിത താല്‍പര്യം വിവേചനപരം- സോളിഡാരിറ്റി

Update: 2023-01-21 09:36 GMT

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമങ്ങളിലെ നഷ്ടപരിഹാരത്തുക പ്രതികളില്‍ നിന്നും ഈടാക്കാനുള്ള ഉത്തരവിന്‍മേല്‍ ഹൈക്കോടതി കാണിക്കുന്ന അമിതമായ താല്‍പര്യം വിവേചനപരമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്. സമാനമായ സംഭവങ്ങളില്‍ സ്വീകരിക്കാത്ത നടപടികള്‍ ഇക്കാര്യത്തില്‍ ധൃതിയില്‍ നടപ്പാക്കുന്നതിന് പിന്നില്‍ കോടതിക്കുള്ള താല്‍പര്യങ്ങള്‍ ന്യായമായും സംശയിക്കേണ്ടതാണ്.

ഹര്‍ത്താലിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ വ്യവസ്ഥയില്‍ സൂചിപ്പിച്ച തുക കെട്ടിവച്ചിരുന്നു. അതിന് പുറമെ കെഎസ്ആര്‍ടിസി ആവശ്യപ്പെട്ട 5.2 കോടി നഷ്ടത്തിന്റെ വിശദാംശങ്ങള്‍ ഇതുവരെ കോടതി നിയമിച്ച ക്ലെയിംസ് കമ്മീഷണറോ കേരള സര്‍ക്കാരോ സമര്‍പ്പിച്ചിട്ടില്ലാതിരിക്കെ അതേ തുക കണ്ടുകെട്ടുന്നത് ന്യായമല്ല. രാഷ്ട്രീയ പാര്‍ട്ടികളുടേയും നിരവധി ഹര്‍ത്താലുകള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. അതില്‍ പലതും അക്രമാസക്തമായിരുന്നു.

കോടികളുടെ നഷ്ടങ്ങള്‍ സംഭവിച്ച ആ ഹര്‍ത്താലുകളുടെ നടപടികളിലൊന്നും കാണിക്കാത്ത ധൃതി ഇക്കാര്യത്തില്‍ കോടതിയില്‍ നിന്നുണ്ടാവുന്നത് തികച്ചും അസ്വാഭാവികമാണ്. ഒരു ഹര്‍ത്താലിന്റെ തുടര്‍നടപടിയായി വീട് ജപ്തിയും സ്വത്ത് കണ്ട് കെട്ടലുമൊക്കെ നൂറുകണക്കിന് ഹര്‍ത്താലുകള്‍ നടന്നിട്ടുള്ള കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സംഭവിക്കുന്നത് എന്നത് കോടതിയുടെ ഇടപെടലിന്റെ വിവേചന പരതയാണ് വെളിവാക്കുന്നതെന്ന് സോളിഡാരിറ്റി വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News