ഡല്‍ഹിയിലെ മുസ്‌ലിം വിരുദ്ധ റാലിയും വിദ്വേഷപ്രസംഗവും നിരപരാധികളെ അക്രമിക്കാനുള്ള മുന്നൊരുക്കം: പോപുലര്‍ ഫ്രണ്ട്

Update: 2021-08-12 08:54 GMT

ന്യൂഡല്‍ഹി: മുസ് ലിം വിരുദ്ധ മുദ്രാവാക്യമുയര്‍ത്തി രാജ്യതലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിപാടികള്‍ നിരപരാധികള്‍ക്കെതിരായ അക്രമത്തിന്റെ മുന്നോടിയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാം പറഞ്ഞു. ഹജ്ജ് ഹൗസ് നിര്‍മാണത്തിന് ഭൂമി അനുവദിച്ചതിനെതിരേ തലസ്ഥാന നഗരിയിലുണ്ടായ ഹിന്ദുത്വരുടെ റാലിയും വിദ്വേഷപ്രസംഗത്തെയും സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസ്താവന. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ദ്വാരകയില്‍ ഭര്‍ത്താല്‍ ചൗക്കില്‍ വെള്ളിയാഴ്ചയാണ് മുസ്‌ലിം വിരുദ്ധ മഹാപഞ്ചായത്ത് നടന്നത്. പ്രദേശത്തെ സെക്ടര്‍ 22ല്‍ ഹജ്ജ് ഹൗസ് നിര്‍മ്മിക്കുന്നതിനെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ പരിപാടിയില്‍ ഉയര്‍ന്നു. തൊട്ടടുത്ത ദിവസം തന്നെ ജന്തര്‍ മന്ദറില്‍ നടന്ന റാലിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 5000 ഓളം പേര്‍ പങ്കെടുത്തു. മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുന്ന ലഘുലേഖകളും റാലിയില്‍ വിതരണം ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ശൂന്യതയില്‍ നിന്ന് സൃഷ്ടിക്കപ്പെടുന്നവയല്ല. ഇത്രയും ജനങ്ങളെ തെരുവിലേക്ക് എത്തിച്ചത് നീണ്ട കാലത്തെ കൃത്യമായ വിദ്വേഷ പ്രചാരണത്തിലൂടെയായിരിക്കണം. അത്തരത്തിലുള്ള പരിപാടികളാണ് പിന്നീട് മുസ്‌ലിം സമുദായത്തില്‍ പെട്ട നിരപരാധികള്‍ക്കെതിരേ ആളുകള്‍ സംഘടിതമായ ആക്രമണം, കൊള്ള, ബലാത്സംഗം, തീവെപ്പ് എന്നിവ നടത്തുന്നതിലേക്ക് എത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിം വംശഹത്യ നടക്കുന്നതിന് മുമ്പ് ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ പ്രകോപനപരമായ റാലികളും പ്രസംഗങ്ങളും നടന്നത് ഓര്‍ക്കേണ്ടതുണ്ട്. അന്ന് പോലിസ് നിഷ്‌ക്രിയത്വമാണ് അക്രമത്തിലേക്ക് നയിച്ചത്. സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാക്കള്‍ ഇപ്പോഴും സ്വതന്ത്രരായി വിഹരിക്കുന്നു. കലാപത്തിന് ശേഷവും ഡല്‍ഹി പോലിസിന്റെ പെരുമാറ്റത്തെ കോടതി വിമര്‍ശിച്ച നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി. ജന ക്ഷേമവും സാമ്പത്തിക ക്ഷേമവും കേന്ദ്രീകരിക്കുന്ന ഇതര രാഷ്ട്രീയത്തോട് വിദ്വേഷ രാഷ്ട്രീയക്കാര്‍ക്കുള്ള ഭയമാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍. സമുദായങ്ങളെ പരസ്പരം പോരടിപ്പിച്ച് ജനക്ഷേമത്തെ ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. എന്നാല്‍ അത്തരം അക്രമങ്ങള്‍ തടയുന്നതിലും ജനങ്ങളുടെ ജീവിതത്തിന് സുരക്ഷ നല്‍കുന്നതിലും ഡല്‍ഹി പോലിസ് വലിയ പരാജയമാണെന്ന് മുന്‍കാല അനുഭവങ്ങളില്‍ നിന്ന് വ്യക്തമാണ്. അതിനാല്‍ തലസ്ഥാന നഗരിയിലെ മതേതര ശക്തികള്‍ സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് സൗഹാര്‍ദ്ദവും സമാധാനവും നിലനിര്‍ത്തണമെന്നും ഒഎം എ സലാം ആവശ്യപ്പെട്ടു.

Tags:    

Similar News