രാഷ്ട്രീയ നേതാക്കൾ തടവിൽ; കശ്‌മീരിൽ തിരഞ്ഞെടുപ്പ്‌ പ്രഹസനം

ഭരണഘടനാ ഭേദഗതിക്ക് പിന്നാലെ നിയന്ത്രണം തുടരുന്നതിനാല്‍ പ്രതിനിധികൾക്ക്‌ ഗ്രാമങ്ങൾ സന്ദർശിക്കാനാകുന്നില്ല. പലരും പോലിസ് അകമ്പടിയിൽ ഹോട്ടലുകളിലാണ്‌ താമസം.

Update: 2019-09-29 07:09 GMT

ന്യൂഡൽഹി: ജനപ്രതിനിധികൾ ഗ്രാമങ്ങളിൽ പോകാൻ കഴിയാതെ ഹോട്ടലുകളിൽ തടവിൽ കഴിയുമ്പോൾ ജമ്മു കശ്‌മീരിൽ വീണ്ടും തിരഞ്ഞെടുപ്പ്‌ പ്രഹസനം. ബ്ലോക്ക്‌ വികസന കൗൺസിലുകളിലേക്ക്‌ തിരഞ്ഞെടുപ്പ് നടത്താനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

ഭരണഘടനാ ഭേദഗതിക്ക് പിന്നാലെ നിയന്ത്രണം തുടരുന്നതിനാല്‍ പ്രതിനിധികൾക്ക്‌ ഗ്രാമങ്ങൾ സന്ദർശിക്കാനാകുന്നില്ല. പലരും പോലിസ് അകമ്പടിയിൽ ഹോട്ടലുകളിലാണ്‌ താമസം. ബാരാമുള്ള, കുപ്‌വാര, ബുദ്‌ഗാം, പുൽവാമ എന്നിവിടങ്ങളിൽ നിന്നുള്ള 180 വാർഡ്‌ അംഗങ്ങളും സർപഞ്ചുമാരും ശ്രീനഗറിലെ ഹോട്ടലിലാണ്‌ കഴിയുന്നത്‌. കശ്മീരിലെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലുമാണ്.

കഴിഞ്ഞ സെപ്‌തംബറിൽ നടന്ന വാർഡ്‌ അംഗങ്ങളുടെയും ഗ്രാമത്തലവന്മാരുടെയും തിരഞ്ഞെടുപ്പ്‌ കാട്ടിക്കൂട്ടല്‍ മാത്രമായി മാറിയ സ്ഥിതിയാണ്. ബിജെപി ഒഴികെയുള്ള രാഷ്ട്രീയ കക്ഷികൾ അന്ന് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. വിജ്ഞാപനം ചെയ്‌ത 18,833 വാർഡില്‍ 7,596 ഇടത്ത്‌ മാത്രമാണ്‌ തിരഞ്ഞെടുപ്പ് നടന്നത്.

61 ശതമാനം വാർഡുകളിലും കൗൺസിലർ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നു. 45 ശതമാനം സർപഞ്ച്‌ (ഗ്രാമത്തലവൻ) സ്ഥാനങ്ങളും അനാഥമാണ്. തിരഞ്ഞെടുപ്പ്‌ നടന്ന സ്ഥലങ്ങളിൽ ഭൂരിപക്ഷം സ്ഥാനങ്ങളിലേക്കും എതിരാളികൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബ്ലോക്കുതല തിരഞ്ഞെടുപ്പിന് നീക്കം.

Tags:    

Similar News