മാധ്യമ പ്രവര്‍ത്തകന്റെ മരണം; വഫ ഫിറോസിനെതിരേ കേസെടുത്തു

മദ്യപിച്ച് വാഹനമോടിച്ചത് പ്രോത്സാഹിപ്പിച്ചതിനാണ് പോലിസ് കേസെടുത്തത്. ഐ.പി.സി 184, 188 വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പോലിസ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി വഫ ഫിറോസിനെ ജാമ്യത്തില്‍ വിട്ടു.

Update: 2019-08-03 16:49 GMT

തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗത്തില്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ കേസെടുത്തതിന് പിന്നാലെ കൂട്ടുകാരി വഫ ഫിറോസിനെതിരെയും കേസെടുത്തു. മദ്യപിച്ച് വാഹനമോടിച്ചത് പ്രോത്സാഹിപ്പിച്ചതിനാണ് പോലിസ് കേസെടുത്തത്. ഐ.പി.സി 184, 188 വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പോലിസ് കേസെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി വഫ ഫിറോസിനെ ജാമ്യത്തില്‍ വിട്ടു.

നേരത്തെ വഫയുടെയും ശ്രീറാം വെങ്കിട്ടരാമന്റെയും ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചിരുന്നു. മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കി. ഏഴ് ദിവസത്തിനകം മറുപടി നല്‍കണം.

അപകടം നടക്കുന്ന സന്ദര്‍ഭത്തില്‍ ശ്രീറാമിനൊപ്പം വഫയുമുണ്ടായിരുന്നു. അപകടത്തില്‍ സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീര്‍ ആണ് മരിച്ചത്. നേരത്തേ ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചത് എന്ന് വഫ മൊഴി നല്‍കിയിരുന്നു. മജിസ്‌ട്രേറ്റിന് മുന്നിലും അവര്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. അമിതവേഗതയാണ് അപകടകാരണമെന്നും വഫ മൊഴി നല്‍കി. കവടിയാര്‍ പാര്‍ക്കില്‍ നിന്ന് ശ്രീറാം കാറില്‍ കയറിയെന്നും മദ്യപിച്ച് വാഹനമോടിക്കരുതെന്ന് പറഞ്ഞിട്ട് വകവച്ചില്ലെന്നും വഫ രഹസ്യമൊഴിയില്‍ വ്യക്തമാക്കിയിരുന്നു.

Tags: