എസ്എഫ്‌ഐക്കാരുടെ മര്‍ദനത്തിനിരയായ പോലിസുകാരന് സസ്‌പെന്‍ഷന്‍; നടപടി വ്യാജ പരാതിയിലെന്ന് പോലിസുകാരന്‍

നേരത്തെ സിപിഎം ഓഫിസില്‍ റെയ്ഡ് നടത്തിയ എസിപി ചൈത്ര തെരേസ ജോണിനെ ചുമതലയില്‍ നിന്ന് മാറ്റിയത് വിവാദമായിരുന്നു. അതിനിടേയാണ് എസ്എഫ്‌ഐകാരുടെ മര്‍ദനത്തിനിരയായ പോലിസുകാരനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

Update: 2019-02-02 16:57 GMT
തിരുവനന്തപുരം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടുറോഡിലിട്ട് മര്‍ദ്ദിച്ച പോലിസുകാരില്‍ ഒരാള്‍ക്ക് സസ്‌പെന്‍ഷന്‍. മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് എസ്എപി ക്യാംപിലെ പൊലിസുകാരന്‍ ശരത്തിനെ സസ്‌പെന്‍ഡ് ചെയ്തത്. അതേസമയം, സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിട്ടില്ലെന്ന് ശരത് പറഞ്ഞു. പോസ്റ്റിട്ടില്ലെന്നും പരാതി വ്യാജമാണെന്നുമാണ് ശരത്ത് പറയുന്നത്.

തിരുവനന്തപുരം പാളയത്ത് സിഗ്‌നല്‍ ലംഘിച്ചെത്തിയ ബൈക്ക് തടഞ്ഞ വിനയചന്ദ്രന്‍, ശരത് എന്നീ പൊലീസുകാര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തിന് ഇരയായിരുന്നു. യൂനിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂനിറ്റ് പ്രസിഡന്റ് നസീമിന്റെയും പ്രവര്‍ത്തകനായ ആരോമലിന്റെയും നേതൃത്വത്തിലായിരുന്നു പോലിസുകാരന് മര്‍ദ്ദനം. കേസില്‍ ആകെയുള്ള ആറ് പ്രതികളില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കീഴടങ്ങിയിരുന്നെങ്കിലും മുഖ്യപ്രതിയായ നസീം അടക്കം രണ്ട് പേരെ ഇനിയും കസ്റ്റഡിയിലെടുത്തിട്ടില്ല. ഒളിവിലാണ് എന്ന് പൊലീസ് പറയുന്ന നസീം യൂണിവേഴ്‌സിറ്റി കോളജില്‍ മന്ത്രിമാര്‍ പങ്കെടുത്ത പരിപാടിയിലിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പോലിസുകാരെ മര്‍ദിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ പൊതുപരിപാടികളില്‍ പോലും പങ്കെടുക്കുമ്പോഴാണ് പോലിസുകാരനെതിരേ നടപടിയെടുത്തിരിക്കുന്നത്. നേരത്തെ സിപിഎം ഓഫിസില്‍ റെയ്ഡ് നടത്തിയ എസിപി ചൈത്ര തെരേസ ജോണിനെ ചുമതലയില്‍ നിന്ന് മാറ്റിയത് വിവാദമായിരുന്നു. അതിനിടേയാണ് എസ്എഫ്‌ഐകാരുടെ മര്‍ദനത്തിനിരയായ പോലിസുകാരനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

Tags:    

Similar News