യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്

ഐപിസി 506, 294 ബി, കെപിഎ 120, 120എ എന്നീ വകുപ്പുകളാണ് വിനായകനെതിരേ ചുമത്തിയത്.

Update: 2019-06-18 07:17 GMT

കല്‍പ്പറ്റ: ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നതായി റിപോര്‍ട്ട്. കഴിഞ്ഞ ദിവസം യുവതിയില്‍നിന്നു പോലിസ് മൊഴി രേഖപ്പെടുത്തിയിരുന്നു.

കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതിയുടെ മൊഴി. വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ്‌സും യുവതി ഹാജരാക്കിയിരുന്നു. വിനായകനെതിരെ യുവതി പാമ്പാടി പോലിസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. സംഭവം നടന്നത് കല്‍പ്പറ്റയിലായതിനാല്‍ പരാതി കല്‍പ്പറ്റ പോലിസിന് കൈമാറുകയായിരുന്നു. കല്‍പ്പറ്റ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 506, 294 ബി, കെപിഎ 120, 120എ എന്നീ വകുപ്പുകളാണ് വിനായകനെതിരേ ചുമത്തിയത്.

കഴിഞ്ഞ ഏപ്രില്‍ 18നാണ് കേസിനാസ്പദമായ സംഭവം. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിനായകനെ വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു ദലിത് ആക്ടിവിസ്റ്റ് പരാതിപ്പെട്ടത്. വിനായകനെതിരായ ജാതീയാധിക്ഷേപങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നപ്പോഴുള്ള പ്രതികരണത്തിലാണ് ദളിത് ആക്ടിവിസ്റ്റ് സ്വന്തം അനുഭവം തുറന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആര്‍എസ്എസ്സിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്നും ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ഒരു അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞത്. ഇതിന് പിന്നാലെ രൂക്ഷമായ ജാതീയ അധിക്ഷേപമാണ് വിനായകന്‍ നേരിട്ടത്.

ഇതിന് വിനായകന്‍ നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ദളിത് ആക്ടിവിസ്റ്റ് തനിക്ക് വിനായകനില്‍ നിന്ന് നേരിട്ട അനുഭവം വ്യക്തമാക്കി പോസ്റ്റിട്ടത്.

അതേസമയം, വിനായകനെതിരായ സൈബര്‍ തെളിവുകള്‍ ശേഖരിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.

Tags: