കണ്ണൂരില്‍ ഒന്നരവയസ്സുകാരെ കൊന്ന് കടലില്‍ എറിഞ്ഞത് അമ്മയെന്ന് പോലിസ്; കൊലപാതകം കാമുകനൊപ്പം ജീവിക്കാന്‍

അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ചെ എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടല്‍ഭിത്തിയിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റത്. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറയുന്നു.

Update: 2020-02-18 14:35 GMT

കണ്ണൂര്‍: തയ്യിലില്‍ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തി കടലില്‍ എറിഞ്ഞത് അമ്മയാണെന്ന് പോലിസ്. സംഭവത്തില്‍ അമ്മ ശരണ്യയെ പോലിസ് അറസ്റ്റ് ചെയ്തു. കാമുകനൊപ്പം ജീവിക്കാനാണ് മകനെ കൊലപ്പെടുത്തിയതെന്ന് ശരണ്യ സമ്മതിച്ചതായും പോലിസ് പറഞ്ഞു.

മരണം കൊലപാതകമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നില്‍ അമ്മയാണെന്ന് വ്യക്തമായത്. കുഞ്ഞിന്റെ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയശേഷം കടലിലെ ഭിത്തികള്‍ക്കിടയില്‍ തള്ളിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലിസ് പറഞ്ഞത്. കുഞ്ഞിന്റെ മൂര്‍ദ്ധാവില്‍ ക്ഷതമേറ്റിട്ടുണ്ട്. ഇത് മരണകാരണമാകുന്നതാണെന്നാണ് റിപ്പോര്‍ട്ട്.

തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതികളുടെ മകന്‍ വിയാന്റെ മൃതദേഹമാണ് തയ്യില്‍ കടപ്പുറത്ത് ഇന്നലെ കണ്ടെത്തിയത്. പുലര്‍ച്ചെ 6.20 നാണ് കുഞ്ഞിനെ കാണാനില്ലെന്ന് മനസ്സിലായത്. ഉറക്കിക്കിടത്തിയ കുഞ്ഞിനെ കാണാതായെന്ന് ചൂണ്ടിക്കാട്ടി പിതാവ് പ്രണവ് പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന്, നടത്തിയ തിരച്ചിലിലാണ് കുഞ്ഞിന്റെ മൃതദേഹം കടപ്പുറത്തെ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് കുഞ്ഞിന്റെ അമ്മയുടെ ബന്ധു രംഗത്തെത്തിയിരുന്നു. ഇതോടെയാണ് മാതാപിതാക്കളെ പോലിസ് ചോദ്യം ചെയ്തത്.

അച്ഛനൊപ്പം കിടന്നുറങ്ങിയ കുഞ്ഞിനെ പുലര്‍ച്ചെ എടുത്ത് കടപ്പുറത്തേക്ക് പോയ ശരണ്യ കടല്‍ഭിത്തിയിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റത്. തലയടിച്ച് വീണ കുഞ്ഞ് കരഞ്ഞതിനെ തുടര്‍ന്ന് ശരണ്യ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് പറയുന്നു. ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റേയും മണലിന്റേയും സാന്നിധ്യം കണ്ടെത്തിയതാണ് കുറ്റം തെളിയുന്നതില്‍ നിര്‍ണായകമായത്.

സംഭവസമയത്ത് കുട്ടിയുടെ അച്ഛനും അമ്മയും ധരിച്ച വസ്ത്രങ്ങള്‍ പോലിസ് ശാസ്ത്രീയ പരിശോധനകള്‍ക്കായി ശേഖരിച്ചിരുന്നു. കടല്‍ഭിത്തിക്കരികില്‍ കുട്ടിയെ കൊണ്ടുപോയ വ്യക്തിയുടെ വസ്ത്രത്തില്‍ കടലില്‍ നിന്നുള്ള വെള്ളമോ ഉപ്പിന്റെ അംശമോ മണല്‍തരികളോ ഉണ്ടാകും. ഇക്കാര്യങ്ങള്‍ ഫോറന്‍സിക് പരിശോധനയിലൂടെ കണ്ടെത്താനാണ് പോലിസ് വസ്ത്രങ്ങള്‍ ശേഖരിച്ചത്.

Tags:    

Similar News