അഞ്ചാംക്ലാസ്സുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പോലിസ് സ്വമേധയാ കേസെടുത്തു

സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപോര്‍ട്ടിനെ തുടര്‍ന്ന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്‍ക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Update: 2019-11-22 17:49 GMT

വയനാട്: അഞ്ചാംക്ലാസ്സുകാരി ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പോലിസ് സ്വമേധയാ കേസെടുത്തു. പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരാണ് പ്രതികള്‍. സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപോര്‍ട്ടിനെ തുടര്‍ന്ന് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്‍ക്കാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സ്കൂളിന്‍റെ പിടിഎ കമ്മിറ്റിയും പിരിച്ചുവിട്ടു. വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ നടപടി. സ്കൂൾ പ്രിൻസിപ്പാൾ എ കെ കരുണാകരൻ, ഹൈസ്‍കൂളിന്‍റെ ചുമതലയുള്ള വൈസ് പ്രിൻസിപ്പാൾ കെകെ മോഹനൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ അനാസ്ഥ കാണിച്ചെന്ന് ആരോപണവിധേയനായ അധ്യാപകന്‍ ഷിജിലിനെ നേരത്തെ തന്നെ സസ്പെൻ‍ഡ് ചെയ്തിരുന്നു.

അതേസമയം വിദ്യാലയങ്ങളില്‍ ദാരുണ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുൻകരുതൽ എടുക്കണമെന്ന് വിദ്യാലയങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി. നവംബര്‍ 30 ന് മുൻപ് എല്ലാ സ്കൂളുകളിലും പിടിഎ മീറ്റിംഗ് വിളിച്ചു ചേർത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുൻകരുതൽ എടുക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Similar News