തിരക്കഥാകൃത്തും സംവിധായകനുമായ ഹരികുമാര്‍ അന്തരിച്ചു

Update: 2024-05-06 15:15 GMT

തിരുവനന്തപുരം: തിരക്കഥാകൃത്തും സംവിധായകനുമായ ഹരികുമാര്‍(70) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. സാഹിത്യകാരന്‍മാരുടെ സംവിധായകന്‍ എന്ന് വിശേഷിക്കപ്പെടുന്ന സംവിധായകനാണ് ഹരികുമാര്‍. എം ടി വാസുദേവന്‍ നായര്‍, എം മുകുന്ദന്‍, പെരുമ്പടവം ശ്രീധരന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരുടെ കഥകളും തിരക്കഥകളും സിനിമയാക്കിയിട്ടുണ്ട്. കലാമൂല്യമുള്ള സിനിമകളിലൂടെയാണ് ഹരികുമാര്‍ ശ്രദ്ധേയനായത്. 1981ല്‍ പുറത്തിറങ്ങിയ ആമ്പല്‍പൂവാണ് ആദ്യ സിനിമ. സുകുമാരി, ജഗതി ശ്രീകുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. 1994ല്‍ എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത 'സുകൃതം' പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ചിത്രമാണ്. മമ്മൂട്ടി, ഗൗതമി എന്നിവര്‍ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച 'സുകൃതം' ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. ജാലകം, ഊഴം, അയനം, ഉദ്യാനപാലകന്‍, സ്വയംവരപ്പന്തല്‍, എഴുന്നള്ളത്ത് തുടങ്ങി പതിനാറോളം സിനിമകള്‍ സംവിധാനം ചെയ്തു. എം മുകുന്ദന്റെ തിരക്കഥയില്‍ സുരാജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാനം സംവിധാനം ചെയ്ത ചിത്രം. 2005, 2008 വര്‍ഷങ്ങളില്‍ ദേശീയ പുരസ്‌കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ചന്ദ്രിക.

Tags: