ലൈംഗിക അതിക്രമ പരാതി: ബംഗാൾ ഗവര്‍ണറെ അനുകൂലിച്ച് ബംഗാളിലെ സിപിഎം ജില്ലാ സെക്രട്ടറി

Update: 2024-05-06 11:36 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിനെതിരായ ലൈംഗിക അതിക്രമ പരാതി സംസ്ഥാനത്തെ മറ്റ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് സിപിഎം ജില്ലാ സെക്രട്ടറി. സിപിഎം ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലാ സെക്രട്ടറി നിരഞ്ജന്‍ സിഹിയാണ് വിഷയത്തില്‍ പരാതിക്കെതിരെ രംഗത്ത് വന്നത്. പരാതിക്കാരിയുടെ അടുത്ത ബന്ധു തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ലൈംഗികാതിക്രമ പരാതി കെട്ടിച്ചമച്ചതാണെന്ന സംശയമാണ് സംഭവത്തില്‍ ഇദ്ദേഹം ഉന്നയിക്കുന്നത്. മലയാളിയായ സിവി ആനന്ദബോസിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.

അതേസമയം നുണ പരിേേശാധനക്ക് തയ്യാറെന്ന് ഗവര്‍ണ്ണര്‍ ആനന്ദബോസിനെതിരെ പരാതി നല്‍കിയ യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന പരിരക്ഷ ആയുധമാക്കിയാണ് ഗവര്‍ണ്ണര്‍ ഉപദ്രവിച്ചതെന്നും യുവതി ആരോപിച്ചു. വീണ്ടും നോട്ടിസ് നല്‍കിയെങ്കിലും രാജ് ഭവന്‍ ജീവനക്കാരാരും അന്വേഷണ സംഘത്തിന് മുന്നിലെത്തിയിട്ടില്ല.

ഭരണഘടന പരിരക്ഷയുള്ളിടത്തോളം ക്രിമിനല്‍ നടപടികളൊന്നും തനിക്കെതിരെ സ്വീകരിക്കാനാവില്ലെന്ന ആനന്ദബോസിന്റെ പ്രതികരണത്തിനെതിരെയാണ് പരാതിക്കാരി രംഗത്ത് വന്നത്. ആനന്ദ ബോസിന്റെ സാന്നിധ്യത്തില്‍ നടന്നത് പറയാന്‍ തയ്യാറാണെന്ന് പരാതിക്കാരി പ്രതികരിച്ചു. നുണ പരിശോധനക്ക് തയ്യാറാണ്. നിരപരാധിയെങ്കില്‍ ഗവര്‍ണര്‍ അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്നും പരാതിക്കാരി ചോദിച്ചു. രണ്ട് തവണയാണ് പീഡനം നടന്നത്. പരാതി നല്‍കിയതോടെ ജോലി നഷ്ടപ്പെട്ടു. കുടുംബവും താനും ഒറ്റപ്പെട്ടിരിക്കുകയാണെന്നും യുവതി പറഞ്ഞു.

അതേസമയം തുടര്‍ നോട്ടിസ് നല്‍കിയെങ്കിലും രാജ് ഭവന്‍ ജീവനക്കാര്‍ പ്രതികരിച്ചിട്ടില്ല. പോലിസ് ഔട്ട് പോസ്റ്റിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയതായി വിവരമുണ്ട്. ഗവര്‍ണ്ണറുടെ കത്ത് ഉത്തരവിന് സമാനമായാണ് പരിഗണിക്കുന്നതെന്ന് രാജ് ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേ സമയം കേരളത്തിലുള്ള ആനന്ദബോസ് എപ്പോള്‍ തിരികെയെത്തുമെന്ന വിവരം പങ്കുവയക്കാന്‍ രാജ് ഭവന്‍ തയ്യാറായിട്ടില്ല. ഒളിച്ചോടിയെന്ന വിമര്‍ശനം തൃണമൂല്‍ ശക്തമാക്കുകയാണ്. നാളെ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ബിജെപി നിര്‍ദ്ദേശ പ്രകാരം ഗവര്‍ണ്ണര്‍ മാറി നില്‍ക്കുകയാണെന്നാണ് സൂചന.

Tags: