മിച്ചഭൂമിയില്‍ താമസിക്കുന്നവരോട് പോലിസ് ക്രൂരത; ദലിത് കുടുംബത്തെ വീട് തകര്‍ത്ത് ഇറക്കിവിട്ടു

കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തില്‍ കെട്ടിട നികുതി അടക്കുന്ന വീടാണ് തകര്‍ത്തത്.

Update: 2018-12-30 11:45 GMT


ചെറുപുഴ: മിച്ചഭൂമിയില്‍ താമസിക്കുന്ന ദലിത് കുടുംബത്തെ വീട് തകര്‍ത്ത് പോലിസ് ഇറക്കിവിട്ടതായി പരാതി. അരവഞ്ചാലില്‍ താമസിക്കുന്ന അമ്മച്ചി വീട്ടില്‍ വാസുവിനോട് കുടുംബത്തോടും ആണ് പോലിസ് അതിക്രമം കാണിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെ ഒരു സംഘം ആളുകളുടെ കൂടെ പെരിങ്ങോം എസ്‌ഐയും മറ്റ് പോലിസുകാരുമാണ് വീട് തകര്‍ത്ത് നിര്‍ധന കുടുംബത്തെ ഇറക്കിവിടാന്‍ ശ്രമിച്ചത്. ജെസിബി ഉപയോഗിച്ച് കക്കൂസ് ഇടിച്ചുതകര്‍ത്തു. വീടിന്റെ മേല്‍ക്കൂര തകര്‍ത്ത പോലിസ് കസേര ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ തകര്‍ത്തു. കഴിഞ്ഞ പത്തുവര്‍ഷത്തില്‍ അധികമായി വാസുവും കുടുംബവും ഇവിടെയാണ് താമസിക്കുന്നത്. കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തില്‍ കെട്ടിട നികുതി അടക്കുന്ന വീടാണ് തകര്‍ത്തത്. ഈ നമ്പറില്‍ തന്നെയാണ് റേഷന്‍കാര്‍ഡും ഉള്ളത്. റിയല്‍എസ്‌റ്റേറ്റ് മാഫിയയെ സഹായിക്കാനാണ് പോലിസ് ദലിത് കുടുംബത്തെ ഇറക്കിവിടുന്നതെന്നാണ് ആരോപണം. രോഗബാധിതനായ വാസു ചികിത്സയിലായതിനാല്‍ വാസുവിന്റെ ഭാര്യ ശാരദ സമീപത്തെ വീടുകളില്‍ പണിയെടുത്താണ് കുടുംബം പുലര്‍ത്തുന്നത്. വീട്ടിലെ പാത്രങ്ങളും ഫര്‍ണിച്ചറുകള്‍ പൂര്‍ണമായും തകര്‍ത്തു. ഉച്ചഭക്ഷണത്തിനായി ഒരുക്കിയ ചോറും കറികളും പോലിസ് സംഘം എടുത്തെറിഞ്ഞു. മേല്‍ക്കൂര തകര്‍ന്നതോടെ എവിടെ താമസിക്കുമെന്ന ആശങ്കയിലാണ് ഈ കുടുംബം.




Tags:    

Similar News