ആദിവാസി സാമൂഹിക പ്രവര്‍ത്തക ഗൗരിയെ വാടക വീട്ടില്‍ നിന്ന് ഇറക്കിവിടാനുള്ള പോലിസ് ശ്രമം അപലപനീയം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

Update: 2022-05-16 14:03 GMT

തിരുവനന്തപുരം: ഭൂസമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ആദിവാസി സാമൂഹിക പ്രവര്‍ത്തക ഗൗരിയെയും കുടുംബത്തെയും വാടക വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ വീട്ടുടമയുടെ മേല്‍ പോലിസ് നടത്തുന്ന സമ്മര്‍ദ്ദം അപലപനീയമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി എന്‍ കെ സുഹറാബി. വീടും ഭൂമിയും നല്‍കാമെന്ന് മല്ലികപ്പാറ നിവാസികള്‍ക്ക് നല്‍കിയ ഉറപ്പ് പത്ത് വര്‍ഷം പിന്നിട്ടിട്ടും സര്‍ക്കാര്‍ പാലിക്കാത്തതിനെതിരേയാണ് ആദിവാസികള്‍ സമരപ്രഖ്യാപനം നടത്തിയത്. ആദിവാസി അവകാശ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നതിനാണ് ഗൗരിക്കെതിരേ ഇടതുസര്‍ക്കാര്‍ പകപോക്കല്‍ നടത്തുന്നത്. ഇവര്‍ താമസിക്കുന്ന വാടക വീട്ടില്‍ നിന്ന് ഒഴിപ്പിക്കണമെന്ന് വീട്ടുടമസ്ഥനോട് പോലിസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

മല്ലികപ്പാറയിലെ ഒരേക്കറോളം വരുന്ന ഭൂമിയില്‍ കൈവശാവകാശ രേഖയോടെ കൃഷി ചെയ്ത് താമസിച്ചുവരികയായിരുന്ന ഒമ്പത് കുടുംബങ്ങള്‍ മൂന്ന് സെന്റ് ഭൂമി സ്വന്തമായി നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം വിശ്വസിച്ചായിരുന്നു കാടിറങ്ങിയത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ അതിജീവിച്ചുകൊണ്ട് തന്നെ അവിടെ ജീവിച്ചുപോന്നിരുന്ന ഊരുനിവാസികള്‍ ഊരിലേക്കുള്ള വഴി നാഗമന എസ്‌റ്റേറ്റ് അടച്ചുകളഞ്ഞതിനാലാണ് കാടിറങ്ങാന്‍ നിര്‍ബന്ധിതരായത്.

10 വര്‍ഷം മുമ്പ് നടത്തിയ വാഗ്ദാനം പാലിക്കാന്‍ ഇന്നുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അത്തരമൊരു സാഹചര്യത്തിലാണ് ഈ 9 കുടുംബങ്ങള്‍ കഴിഞ്ഞ മാസം ഭൂമിയ്ക്ക് വേണ്ടി സമരപ്രഖ്യാപനം നടത്തിയത്. ആദിവാസി ക്ഷേമത്തെക്കുറിച്ച് ഗീര്‍വാണം മുഴക്കുകയും അവരെ മുന്നില്‍ നിര്‍ത്തി സമ്മേളന മാമാങ്കങ്ങള്‍ നടത്തുകയും ചെയ്യുന്ന ഇടതുപക്ഷം അവരെ എങ്ങിനെയാണ് പിന്നിലൂടെ അടിച്ചമര്‍ത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഗൗരിക്കെതിരായ നീക്കം. ഗൗരിക്കെതിരായ പകപോക്കല്‍ അവസാനിപ്പിക്കണമെന്നും ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചുനല്‍കി പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും എന്‍ കെ സുഹറാബി ആവശ്യപ്പെട്ടു.

Tags: