മോദിയെ ഓര്‍ക്കുക ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പേരിലാവുമെന്ന് അസദുദ്ദീന്‍ ഉവൈസി

നരേന്ദ്രമോദി അസത്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയുടെ ചെയര്‍മാനാണെന്നും കുട്ടികളുടേത് പോലെ മോദി കള്ളക്കഥകളുണ്ടാക്കുകയാണെന്നും ഉവൈസി പരിഹസിച്ചു.

Update: 2019-04-09 12:47 GMT

ഹൈദരാബാദ്: ബിജെപി അധികാരത്തിലേറിയതിനു പിന്നാലെ രാജ്യവ്യാപകമായി അരങ്ങേറിയ ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ പേരിലാവും രാജ്യം നരേന്ദ്ര മോദിയെ ഓര്‍ക്കുകയെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ആള്‍കൂട്ടത്തിന്റെ ഈ കൊലകള്‍ ജീവിതത്തിലുടനീളം മോദിയെ വേട്ടയാടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയെന്ന നിലയില്‍ ഇത്തരം സംഭവങ്ങള്‍ തടയിടുന്നതില്‍ മോദി പരാജയപ്പെട്ടുവെന്നും ഉവൈസി കുറ്റപ്പെടുത്തി. അസമില്‍ ബീഫ് വില്‍ക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് വയോധികനായ മുസ്‌ലിം വ്യാപാരിയെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മോദിയെ പിന്തുണയ്ക്കുന്നവരാണ് ആള്‍ക്കൂട്ട കൊലപാതകികളെല്ലാം. 2014ല്‍ മോദി പ്രധാനമന്ത്രിയായതിന് ശേഷമാണ് ആള്‍ക്കൂട്ട കൊലപാതകങ്ങളും ലവ് ജിഹാദും ഘര്‍ വാപസിയും ശക്തമായത്. മോദിയ്ക്ക് ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഈ സംഭവങ്ങള്‍ ഉണ്ടാവുമായിരുന്നില്ല. രാജ്യത്തിന് വേണ്ടത് നിര്‍ദ്ദനരേയും

അധസ്ഥിതരേയും പിന്തുണയ്ക്കുകയും അവര്‍ക്ക് ജോലിയും സംരക്ഷണവും നല്‍കുകയും ചെയ്യുന്ന പ്രധാനമന്ത്രിയെയാണ്. എന്നാല്‍, മോദി ലവ് ജിഹാദിന്റെയും പശുവിന്റെയും പേരില്‍ ആളുകള്‍ കൊല്ലപ്പെട്ടപ്പോള്‍ നിശബ്ദനായി നോക്കി നില്‍ക്കുകയായിരുന്നുവെന്നും ഉവൈസി പറഞ്ഞു.നരേന്ദ്രമോദി അസത്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയുടെ ചെയര്‍മാനാണെന്നും കുട്ടികളുടേത് പോലെ മോദി കള്ളക്കഥകളുണ്ടാക്കുകയാണെന്നും ഉവൈസി പരിഹസിച്ചു.

Tags:    

Similar News