കല്‍ബുര്‍ഗി വധം: ഭാര്യയുടെ അപേക്ഷ സുപ്രിംകോടതി ഇന്ന് കേള്‍ക്കും

കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും വെടിവച്ചത് ഒരേ തോക്കില്‍ നിന്നാണെന്നു കര്‍ണാടക ഫോറന്‍സിക് ലബോറട്ടറിയില്‍ നടന്ന പരിശോധനയില്‍ വ്യക്തമായിരുന്നു

Update: 2019-02-25 20:00 GMT

ന്യൂഡല്‍ഹി: സാമൂഹികപ്രവര്‍ത്തകനും യുക്തിവാദിയുമായ എം എം കല്‍ബുര്‍ഗിയെ വെടിവച്ചു കൊന്ന സംഭവത്തില്‍ പ്രത്യേക സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന ഭാര്യയുടെ അപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഇത് സുപ്രധാന കേസാണെന്നും ഉടനെ കേള്‍ക്കുമെന്നും നീട്ടിക്കൊണ്ടുപോവില്ലെന്നും ജസ്റ്റിസ് റോഹിന്റന്‍ നരിമാന്‍ പറഞ്ഞു. കഴിഞ്ഞ തവണ വാദം കേട്ടപ്പോള്‍, സാമൂഹിക പ്രവര്‍ത്തകരായ ഗോവിന്ദ പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍, മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകക്കേസുകളിലെ സാമ്യതകള്‍ കണ്ടെത്താന്‍ കേസന്വേഷിക്കുന്ന സിബിഐ സംഘത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല, എല്ലാ കേസുകളും ഒരു ഏജന്‍സിക്ക് അന്വേഷിച്ചു കൂടേയെന്നും പറഞ്ഞിരുന്നു. 2015ല്‍ കര്‍ണാടകയിലെ ധര്‍വാഡയിലാണ് എം എം കല്‍ബുര്‍ഗി കൊല്ലപ്പെട്ടത്. അതേവര്‍ഷം തന്നെ പന്‍സാരെയും കൊല്ലപ്പെട്ടു. 2017 സെപ്തംബറില്‍ ബംഗളൂരുവിലാണ് ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്നത്. മേല്‍പറഞ്ഞ കേസുകളുടെയെല്ലാം മേല്‍നോട്ടം വഹിക്കാന്‍ ഒരു ഏകീകൃത ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്നാണ് കല്‍ബുര്‍ഗിയുടെ ഭാര്യ ഉമാദേവി ആവശ്യപ്പെടുന്നത്. കൊലപാതകികളെല്ലാം ഒരേ സംഘടനയില്‍ പെട്ടവരാണെന്നും എല്ലാവര്‍ക്കും നാലു കൊലയിലും പങ്കുണ്ടെന്നും ഹരജിയില്‍ ആരോപിക്കുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാരിനെ സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു. കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും വെടിവച്ചത് ഒരേ തോക്കില്‍ നിന്നാണെന്നു കര്‍ണാടക ഫോറന്‍സിക് ലബോറട്ടറിയില്‍ നടന്ന പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതാണ് ഇരുകൊലപാതകങ്ങളും തമ്മിലുള്ള ബന്ധം തെളയിക്കുന്ന ആദ്യത്തെ ഔദ്യോഗിക തെളിവ്.




Tags:    

Similar News