പെരിയ ഇരട്ടക്കൊല: സിബിഐയുടെ വരവ് തടയാന്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു

ഇതിനിടെ, ഇരട്ടക്കൊല കേസില്‍ അഞ്ച് പേരുടെ അറസ്റ്റ് കൂടി പോലിസ് രേഖപ്പെടുത്തി

Update: 2019-02-21 13:16 GMT
കാസര്‍കോട്: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യം ശക്തമായിരിക്കെ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ന് കണ്ണൂരിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയില്‍ നാളെ കാസര്‍കോഡ് എത്താനാരിക്കേയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. സിബിഐ അന്വേഷണം വരികയാണെങ്കില്‍, മുന്‍ അനുഭവങ്ങള്‍ മുന്‍ നിര്‍ത്തി പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലാവുമെന്ന് തിരിച്ചറിഞ്ഞാണ് സര്‍ക്കാരിന്റെ പൊടുന്നനെയുള്ള നടപടിയെന്നാണു വിലയിരുത്തല്‍. ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണസംഘത്തിന്റെ മേല്‍നോട്ട ചുമതല. അന്വേഷണ സംഘത്തെ അദ്ദേഹം തന്നെ നിശ്ചയിക്കും. പ്രതികളില്‍ ചിലര്‍ കര്‍ണാടകയിലേക്കു കടന്നെന്നു സംശയമുയര്‍ന്നതിനാല്‍ അന്തര്‍സംസ്ഥാനതല അന്വേഷണം വേണ്ടതിനാലാണ് നടപടിയെന്നാണു സൂചന. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കടുത്ത പ്രതിഷേധമുയരുമെന്നതിനാലും സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തെ പോലും മങ്ങലേല്‍പ്പിച്ച ഇരട്ടക്കൊലയില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരന്‍ അറസ്റ്റിലായത്.

    നേരത്തേ കാസര്‍കോട് ജില്ലാ പോലിസ് ചീഫായിരുന്ന ഡോ. എ ശ്രീനിവാസിനെ ക്രൈംബ്രാഞ്ചിലേക്ക് സര്‍ക്കാര്‍ മാറ്റിയിരുന്നു. മട്ടന്നൂര്‍ ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിനു നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചിരുന്നില്ല. പെരിയ ഇരട്ടക്കൊലയില്‍ പ്രതി പീതാംബരന്റെ കുടുംബം തന്നെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. പാര്‍ട്ടി നിലപാടിനു വിരുദ്ധമായാണ് കുടുംബത്തിന്റെ ആവശ്യം. ഇതിനിടെ, ഇരട്ടക്കൊല കേസില്‍ അഞ്ച് പേരുടെ അറസ്റ്റ് കൂടി പോലിസ് രേഖപ്പെടുത്തി. നേരത്തേ കസ്റ്റഡിയിലെടുത്തിരുന്ന എച്ചിലടുക്കം സ്വദേശികളായ കെ എം സുരേഷ്, കെ അനില്‍ കുമാര്‍, കുണ്ടംകുഴി സ്വദേശി അശ്വിന്‍, കല്ലിയോട്ട് സ്വദേശികളായ ശ്രീരാഗ്, ഗിജിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ, അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരന്‍, അക്രമസംഘത്തിന് സഞ്ചരിക്കാനുള്ള വാഹനം നല്‍കിയ സജി ജോര്‍ജ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുുന്നു. പീതാംബരന്‍ ഇപ്പോള്‍ പോലിസ് കസ്റ്റഡിയിലാണുള്ളത്.




Tags:    

Similar News