പയ്യോളി ജ്വല്ലറി കവര്‍ച്ചക്കേസ്: പിടിയിലായ പ്രതിക്കെതിരേ നിരവധി മോഷണക്കേസുകള്‍

കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം അറപ്പൊയില്‍ മുജീബ് (34) ആണ് അറസ്റ്റിലായത്.

Update: 2021-04-10 06:20 GMT

പയ്യോളി: ടൗണിലെ പ്രശാന്തി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പിടിയിലായ പ്രതിക്കെതിരേ നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പോലിസ്.കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം അറപ്പൊയില്‍ മുജീബ് (34) ആണ് അറസ്റ്റിലായത്.

മറ്റൊരു കേസില്‍ എടച്ചേരി പോലീസിന്റെ പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പയ്യോളിയിലെ കവര്‍ച്ച സംബന്ധിച്ച വിവരം പോലീസിന് ലഭിക്കുന്നത്. തുടര്‍ന്നു കോടതി മുഖാന്തിരം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ജ്വല്ലറിയില്‍ എത്തിച്ച പ്രതിയെ ഉടമ പ്രതീഷും ജീവനക്കാരന്‍ സജീവനും തിരിച്ചറിഞ്ഞു.

2020 ഒക്ടോബര്‍ അഞ്ചിനാണ് ടൗണിലെ പ്രശാന്തി ജ്വല്ലറിയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ജ്വല്ലറിക്ക് അകത്തു കയറി സ്വര്‍ണാഭരണം അടങ്ങിയ ട്രേ തട്ടിയെടുത്ത്ബൈക്കില്‍ കയറി വടകര ഭാഗത്തേക്ക് രക്ഷപ്പെട്ടത്.

ട്രേയിലുള്ള ആഭരണങ്ങള്‍ അടുക്കിവെക്കുന്നതിനിടെയാണ് ജ്വല്ലറി ഉടമപ്രതീഷിന്റെ കയ്യില്‍ നിന്ന്! തട്ടിയെടുത്തത്. ഉടമയെക്കൂടാതെ ഒരു ജീവനക്കാരന്‍ കൂടി ഈ സമയത്ത് തൊട്ടടുത്ത് ഉണ്ടായിരുന്നു.

നേരത്തെ ജ്വല്ലറിക്കകത്തെ കാര്യങ്ങള്‍ പുറത്ത് നിന്ന്! നിരീക്ഷിച്ചിരുന്ന കവര്‍ച്ചാ സംഘം അകത്ത് കയറി ട്രേ കൈക്കാലക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന രണ്ടാമന്‍ എതിര്‍ദിശയില്‍ റോഡിന്റെ എതിര്‍ഭാഗത്ത് സ്റ്റാര്‍ട്ട് ചെയ്ത ബൈക്കില്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതും കൃത്യ സമയത്ത് ജ്വല്ലറിക്ക് മുന്‍പിലെത്തി ട്രേ കൈക്കലാക്കിയയാളെക്കൂട്ടി അതിവേഗതയില്‍ പോവുന്നതും സമീപത്തെ കടയുടെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

പ്രതി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മോഷ്ടിച്ച കാറുമായാണ് എടച്ചേരി പോലീസിന്റെ പിടിയിലായത്.കൊണ്ടോട്ടിയിലെ കാര്‍ ഷോറൂമില്‍ നിന്ന് മോഷ്ടിച്ച കാറുമായാണ് ഇയാള്‍ഓര്‍ക്കാട്ടേരിയില്‍ മോഷണം നടത്തിയത്.2021 ജനുവരി 14 ന് ഓര്‍ക്കാട്ടേരി ടൗണിലെ മലഞ്ചരക്ക് കടയായ സബീന സ്‌റ്റോര്‍ കുത്തിത്തുറന്ന് 70,000 രൂപ മതിപ്പുള്ള 200 കിലോ അടക്ക മോഷണം പോയിരുന്നു. ഈ കേസില്‍ പ്രതികളെ അന്വേഷിക്കുകയായിരുന്നു എടച്ചേരി പൊലീസ്. ബാലുശ്ശേരി, അത്തോളി, ഉള്ള്യേരി മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഉള്ള്യേരി മാര്‍ക്കറ്റിലെ ഒരു വ്യാപാരി മോഷണ മുതല്‍ വില്‍ക്കാനെത്തിയതെന്ന് സംശയിക്കുന്നയാളുടെയും ഇയാളുടെ വ്യാജ നമ്പര്‍ പതിച്ച കാറിന്റെയുംഫോട്ടോ പൊലീസിന് കൈമാറി.

ഈ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി കാപ്പാട് ബീച്ച് പരിസരത്തെ ബാറില്‍ മദ്യപിക്കാനെത്തിയ മുജീബിനെ പൊലീസ് പിടികൂടിയത്. ബാറിന് സമീപം നിര്‍ത്തിയിട്ട കാറും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ നടത്തിയ മോഷണങ്ങളുടെ ചുരുളഴിഞ്ഞു. 2020 ഒക്ടോബര്‍ 12 ന് കൊണ്ടോട്ടി കരിപ്പൂര്‍ കുളത്തൂരിലെ മാരുതി പോപ്പുലര്‍ ഷോറൂമിന്റെ ഷട്ടര്‍ അറുത്ത് മാറ്റി കവര്‍ച്ച ചെയ്ത കാറിലാണ് ഇപ്പോള്‍ മോഷണം.

കൊണ്ടോട്ടി സ്‌റ്റേഷന് കീഴില്‍ 2021 മാര്‍ച്ച് മൂന്നിന് മലഞ്ചരക്ക് കടയില്‍ നിന്ന് 90,000 രൂപയുടെ കുരുമുളക് മോഷ്ടിച്ച് വില്‍പ്പന നടത്തിയതായും ഇയാള്‍ സമ്മതിച്ചു. ജനുവരിയില്‍ കൊടുവള്ളി വട്ടോളിയിലും അരീക്കോട് കടുങ്ങല്ലൂര്‍ മാര്‍ക്കറ്റിലും ഇയാള്‍ മോഷണം നടത്തിയതായും മൊഴി നല്‍കിയിട്ടുണ്ട്.മോഷണ മുതലുകള്‍ പേരാമ്പ്രയിലും മൈസൂര്‍ മാര്‍ക്കറ്റിലും വില്‍പന നടത്തിയതായി പോലീസ് പറഞ്ഞു.

കാറില്‍ നിന്ന് കവര്‍ച്ചയ്ക്ക് ഉപയോഗിക്കാനുള്ള ഗ്യാസ് കട്ടര്‍, സിലിണ്ടര്‍, ഓക്‌സിജന്‍ മിക്‌സിംഗ് ട്യൂബ്, കടകളുടെ പൂട്ട് തകര്‍ക്കുന്നതിനുള്ള വലിയ കട്ടര്‍, രണ്ട് ചുറ്റിക, തുണി ചുറ്റിയ രണ്ട് കമ്പി പാര, കത്തി, മൂന്ന് ടോര്‍ച്ച്, സ്പാനര്‍, നാല് വ്യാജ നമ്പര്‍ പ്ലേറ്റുകള്‍, രണ്ട് വലിയ സ്‌ക്രൂ െ്രെഡവര്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. പ്രതിക്കെതിരെ മുപ്പതോളം കേസുകള്‍ നിലവില്‍ ഉള്ളതായി പോലീസ് പറഞ്ഞു. പയ്യോളി എസ്‌ഐ വി.ആര്‍ വിനീഷ്, എസ് ഐ എന്‍ കെ. ബാബു എന്നിവര്‍ക്കാണ് അന്വേഷണ ചുമതല.



Tags:    

Similar News