വെള്ളിയാഴ്ച പ്രതിഷേധം കനക്കുമെന്ന്; യുപിയില്‍ വ്യാപകമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

ബിജ്‌നോര്‍, ബുലന്ദ്ഷഹര്‍, മുസഫര്‍ നഗര്‍, ആഗ്ര, ഫിറോസാബാദ്, സംഭല്‍, അലീഗഢ്, ഗാസിയബാദ് തുടങ്ങിയ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരിക്കുന്നത്.

Update: 2019-12-26 16:41 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ എട്ട് ജില്ലകളില്‍ പൂര്‍ണ്ണമായും ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം കനത്തേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ബിജ്‌നോര്‍, ബുലന്ദ്ഷഹര്‍, മുസഫര്‍ നഗര്‍, ആഗ്ര, ഫിറോസാബാദ്, സംഭല്‍, അലീഗഢ്, ഗാസിയബാദ് തുടങ്ങിയ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രതിഷേധക്കാരും പോലിസും തമ്മില്‍ വ്യാപക ഏറ്റുമുട്ടല്‍ നടന്ന തലസ്ഥാനമായ ലഖ്‌നോവില്‍ അത്തരമൊരു നടപടി എടുത്തിട്ടില്ല. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പ്രതിഷേധത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. പോലിസ് വെടിവയ്പിലാണ് മിക്കവരും കൊല്ലപ്പെട്ടതെന്നാണ് റിപോര്‍ട്ടുകള്‍.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും പ്രതിഷേധക്കാരുമായി ചര്‍ച്ചകള്‍ നടത്തുമെന്നും യുപി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പിവി രാമശാസ്ത്രി പറഞ്ഞു. ഈ മാസം 19 മുതല്‍ 21 വരെ നടന്ന പ്രക്ഷോഭങ്ങളാണ് കൂടുതല്‍ അക്രമാസക്തമായത്.

വെടിവെപ്പ് നടത്തിയിട്ടില്ലെന്ന് പോലിസ് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും പ്രതിഷേധക്കാരില്‍ മിക്കവരും മരിച്ചത് വെടിയേറ്റാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് യുപി പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും റിപോര്‍ട്ടുകളുണ്ട്. 

Tags:    

Similar News