പ്രതിപക്ഷ ബഹിഷ്‌കരണത്തിനിടെ വിവാദബില്ലുകള്‍ പാസാക്കി കേന്ദ്രസര്‍ക്കാര്‍

Update: 2023-08-12 04:03 GMT

ന്യൂഡല്‍ഹി: മണിപ്പുര്‍ കലാപത്തിലെ അവിശ്വാസപ്രമേയവും ഇതേത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കും സഭാസ്തംഭനങ്ങള്‍ക്കുമിടെ വിവാദബില്ലുകള്‍ പാസാക്കി കേന്ദ്രസര്‍ക്കാര്‍. കോണ്‍ഗ്രസ് നേതാവ് അധീര്‍രഞ്ജന്‍ ചൗധരിയുടെ സസ്‌പെന്‍ഷനില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയ സമയം അപ്രതീക്ഷിതമായി പുതിയ ബില്ലുകള്‍ കൊണ്ടുവരികയായിരുന്നു. ബഹളങ്ങള്‍ക്കിടെ ലോക്‌സഭ 22 ബില്ലുകളും രാജ്യസഭ 25 ബില്ലുകളുമാണ് പാസാക്കിയത്. ഡല്‍ഹി ബില്‍, ഡിജിറ്റല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ ബില്‍, കടല്‍മത്സ്യകൃഷി ഭേദഗതിബില്‍, ബഹുസംസ്ഥാന സഹകരണസംഘം ബില്‍, ജൈവവൈവിധ്യ സംരക്ഷണ ഭേദഗതി ബില്‍, ധാതുലവണ ഖനനബില്‍, കടല്‍ഖനന ബില്‍, വനസംരക്ഷണ ഭേദഗതിബില്‍, ഐഐഎം ബില്‍ തുടങ്ങിയ വിവാദബില്ലുകള്‍ ചര്‍ച്ച പോലുമില്ലാതെയാണ് പാസാക്കിയത്. നേരത്തേ, നിരവധി തവണ എതിര്‍പ്പുണ്ടായ ഈ ബില്ലുകളില്‍ ഭേദഗതികള്‍ നിര്‍ദേശിക്കാനും പ്രതിപക്ഷ അംഗങ്ങള്‍ക്ക് കഴിയാതെ പോയി.

    മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ മറുപടപി പറയണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയാവട്ടെ സഭയില്‍ എത്തിയത് അവസാന രണ്ടുദിവസങ്ങളിലാണ്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തില്‍ ചര്‍ച്ചയ്ക്ക് മറുപടിപറയാന്‍ വ്യാഴാഴ്ച വൈകീട്ടും സഭാസമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് വെള്ളിയാഴ്ചയുമാണ് മോദി ഉണ്ടായിരുന്നത്. ഇതിനിടെയാണ്, ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി പ്രതിപക്ഷത്തെ മുഖ്യപാര്‍ട്ടിയുടെ കക്ഷിനേതാവിനെ സസ്‌പെന്റ് ചെയ്തത്. അധീര്‍രഞ്ജന്‍ ചൗധരിയെ സസ്‌പെന്റ് ചെയ്തതോടെ പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. ബഹിഷ്‌കരണത്തെ ചൊല്ലി ശശി തരൂര്‍, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവര്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നായിരുന്നു ഇവര്‍ ആവശ്യപ്പെട്ടതെങ്കിലും ഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിച്ചില്ല. സുപ്രധാനമായ മറ്റൊരു ബില്ലാണ് തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാനുള്ള സമിതി സംബന്ധിച്ചത്. തിരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതിയില്‍ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതിന് കൊണ്ടുവന്ന ബില്‍ വോട്ടിനിടണമെന്ന ആവശ്യം പോലും പ്രതിപക്ഷത്തിന് ഉയര്‍ത്താനായില്ല.അതേസമയം, മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ സഭയിലെത്തിക്കാനും സംസാരിപ്പിക്കാനും കഴിഞ്ഞത് നേട്ടമായെന്ന് പ്രതിപക്ഷനേതാക്കള്‍ കണക്കുകൂട്ടുന്നത്. നവംബറില്‍ചേരുന്ന ശീതകാലസമ്മേളനം പാര്‍ലിമെന്റിന്റെ പുതിയ മന്ദിരത്തിലായേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്.

Tags: