പാലക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; പലയിടത്തും സംഘര്‍ഷം

തിരുവനന്തപുരം മംഗലപുരം പഞ്ചായത്ത് മെംബറെ ഒരുസംഘം വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

Update: 2019-04-21 17:22 GMT

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചതിനു തൊട്ടുപിന്നാലെ പാലക്കാട് മുതലമടയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മുതലമട അംബേദ്കര്‍ കോളനിയിലെ ശിവരാജ്, കിട്ടു ചാമി, വിജയ്, ഷാജി എന്നിവര്‍ക്കാണു വെട്ടേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. സംഘര്‍ഷത്തില്‍ ആറ് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. തിരുവനന്തപുരം മംഗലപുരം പഞ്ചായത്ത് മെംബറെ ഒരുസംഘം വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആറ്റിങ്ങല്‍ വേങ്ങോട് അജയകുമാറിനെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തടയാനെത്തിയ മാതാവിനു പരിക്കേറ്റിട്ടുണ്ട്. അക്രമത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതിനിടെ, ഗോവിന്ദപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറി ജയ്‌നുലാബിദീനു വേട്ടേറ്റു. തിരുവനന്തപുരം കള്ളിക്കാട് കലാശക്കൊട്ടിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകന്റെ തല അടിച്ചുപൊട്ടിച്ചു. സംസ്ഥാനത്തെ പലയിടത്തും കൊട്ടിക്കലാശത്തിനിടെ അക്രമം റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ആലത്തൂരില്‍ വാഹനത്തിനു നേരെയുണ്ടായ കല്ലേറില്‍ പരിക്കേറ്റ് യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് ആശുപത്രിയില്‍ ചികില്‍സയിലാണ്. തിരഞ്ഞെടുപ്പില്‍ പരാജയ ഭീതി പൂണ്ട സിപിഎം വ്യാപകമായി ആക്രമണം അഴിച്ചുവിടുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    

Similar News