നിലപാട് കടുപ്പിച്ച് പാകിസ്താന്‍; മോദിക്കായി വ്യോമപാത തുറക്കില്ല

തങ്ങളുടെ വ്യോമപാത ഇതിനായി ഉപയോഗിക്കാനാകില്ലെന്ന് ഇന്ത്യന്‍ ഹൈകമ്മീഷനെ അറിയിച്ചതായി പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു.

Update: 2019-09-18 19:13 GMT

ന്യൂഡല്‍ഹി: തങ്ങളുടെ വ്യോമപാതയിലൂടെ പറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുമതി നിഷേധിച്ച് പാക്കിസ്ഥാന്‍. യുഎസിലേക്കു പോകുന്നതിനു പ്രധാനമന്ത്രിയുടെ വിമാനം പാക് വ്യോമപാതയിലൂടെ പറക്കുന്നതിനാണ് പാകിസ്താന്‍ അനുമതി നിഷേധിച്ചത്. തങ്ങളുടെ വ്യോമപാത ഇതിനായി ഉപയോഗിക്കാനാകില്ലെന്ന് ഇന്ത്യന്‍ ഹൈകമ്മീഷനെ അറിയിച്ചതായി പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു.

യുഎന്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് യുഎസിലേക്ക് പോവാന്‍ പ്രധാനമന്ത്രിക്കു വ്യോമപാത തുറന്നുതരണമെന്നാവശ്യപ്പെട്ട് ഇന്ത്യ പാകിസ്താനോട് ഔദ്യോഗികമായി അഭ്യര്‍ഥന നടത്തിയതായി പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. പരിശോധനയ്ക്കുശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു പാകിസ്താന്‍ ആദ്യം നിലപാട് സ്വീകരിച്ചത്. എന്നാല്‍ ഇന്ത്യയുടെ ആവശ്യം തള്ളിയതായി പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി തന്നെ പിന്നീട് വ്യക്തമാക്കുകയായിരുന്നു. സെപ്റ്റംബര്‍ 21 മുതല്‍ 27 വരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം.

നേരത്തേ, ഐസ്‌ലന്‍ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായി രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ വിമാനത്തിനും പാക് വ്യോമപാത നിഷേധിച്ചിരുന്നു. ബാലക്കോട്ട് ആക്രമണത്തിനു പിന്നാലെ അടച്ച വ്യോമ പാത പിന്നീട് തുറന്നെങ്കിലും ആഗസ്ത് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തു കളഞ്ഞതോടെയാണ് വീണ്ടും പാകിസ്താന്‍ അടച്ചത്.


Tags:    

Similar News