യുഎന്‍ പൊതുസഭയില്‍ പാകിസ്താനെതിരേ ആഞ്ഞടിച്ച് ഇന്ത്യ; പാകിസ്ഥാന്റേത് 'ഭീകരരെ' പിന്തുണച്ച ചരിത്രം

.'ഭീകരര്‍ക്ക്' അഭയം നല്‍കുകയും സഹായിക്കുകയും സജീവമായി പിന്തുണക്കുകയും ചെയ്യുന്ന നയവും ചരിത്രവും പാകിസ്താനുണ്ടെന്ന് യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ദുബൈ ആരോപിച്ചു.

Update: 2021-09-25 07:29 GMT

ന്യൂയോര്‍ക്ക്: ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുന്നതിലൂടെ ആഗോള തലത്തില്‍ കുപ്രസിദ്ധി നേടിയ രാജ്യമാണെന്ന് പാകിസ്താനെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.'ഭീകരര്‍ക്ക്' അഭയം നല്‍കുകയും സഹായിക്കുകയും സജീവമായി പിന്തുണക്കുകയും ചെയ്യുന്ന നയവും ചരിത്രവും പാകിസ്താനുണ്ടെന്ന് യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ദുബൈ ആരോപിച്ചു.

യുഎന്‍ പൊതു സഭയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയങ്ങള്‍ ഉയര്‍ത്തി നല്‍കിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സ്‌നേഹ.

തീവ്രവാദികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള ഇടം നല്‍കി അതിന്റെ പരിതാപകരമായ അവസ്ഥയില്‍ നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് പാകിസ്ഥാന്‍ നടത്തി കൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ തീവ്രവാദികള്‍ക്ക് ആതിഥേയത്വം നല്‍കിയതിന്റെ അവിശ്വസനീയമായ റെക്കോര്‍ഡ് പാക്കിസ്താന്റെ പേരിലാണ്. ഉസാമ ബിന്‍ ലാദന് വരെ പാകിസ്ഥാന്‍ അഭയം നല്‍കി-ദുബൈ ആരോപിച്ചു.

കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ചത് അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇമ്രാന്‍ ഖാന്‍ ഇന്ത്യക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും.


Tags: