സംഘ്പരിവാര്‍ ഭീഷണി മറികടന്ന് 'ഒരു ചായക്കടക്കാരന്റെ മന്‍ കീ ബാത്' പ്രദര്‍ശിപ്പിച്ചു

നോട്ട് നിരോധനം പ്രമേയമാക്കിയുള്ള സിനിമക്കെതിരേ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സംഘ്പരിവാര്‍ ഭീഷണി.

Update: 2019-09-25 15:14 GMT

ന്യൂഡല്‍ഹി: ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ മറികടന്ന് 'ഒരു ചായക്കടക്കാരന്റെ മന്‍ കീ ബാത്' എന്ന സിനിമ ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിച്ചു. മാധ്യമപ്രവര്‍ത്തകനായ സനു കുമ്മിള്‍ സംവിധാനം ചെയ്ത ഡോക്യൂമെന്ററി സിനിമയുടെ പ്രദര്‍ശനം തിങ്കളാഴ്ച്ചയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, നോട്ട് നിരോധനം പ്രമേയമാക്കിയുള്ള സിനിമക്കെതിരേ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സംഘ്പരിവാര്‍ ഭീഷണി. ഇതോടെ ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ നിന്ന് കേരള ക്ലബ്ബ് പിന്‍മാറുകയായിരുന്നു.

എന്നാല്‍ ചിത്രം പ്രദര്‍ശിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ നിന്ന് അണിയറപ്രവര്‍ത്തകരും ക്ലോണ്‍ സിനിമാ ആള്‍ട്ടര്‍നേറ്റീവും പിന്‍മാറിയില്ല. ഒടുവില്‍ ഡല്‍ഹി ജേണലിസ്റ്റ് യൂനിയന്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തയാറായി രംഗത്തു വരികയും ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുകയുമായിരുന്നു.

75കാരനായ യഹിയ എന്ന ചായക്കടക്കാരന്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് പ്രതിഷേധത്തിന്റെ ഭാഗമായി തന്റെ 23,000 രൂപയുടെ നിരോധിച്ച നോട്ടുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും തലമുടി പകുതി ക്ഷൗരം ചെയ്യുന്നതും ഉള്‍പ്പടെയുള്ള രംഗങ്ങള്‍ ഡോക്യുമന്റെറിയില്‍ ഉണ്ടായിരുന്നു.

ചിത്രം ഡല്‍ഹിയില്‍ പ്രദര്‍ശിപ്പിക്കാനായി മറ്റ് മാര്‍ഗങ്ങള്‍ നോക്കുമെന്ന് സംവിധായകന്‍ സാനു കുമ്മില്‍ അറിയിച്ചിരുന്നു. എന്ത് ഭീഷണിയുണ്ടായാലും ആക്രമണമുണ്ടായാലും പിന്മാറാന്‍ ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്തുണയുമായി ഡല്‍ഹിയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരും എത്തിയതോടെ സിനിമാ പ്രദര്‍ശനം നടക്കുകയായിരുന്നു.

Tags: