ലോക്‌സഭാ തിരഞ്ഞെടുപ്പ്: ശ്രീനഗറിലെ 90 ബൂത്തുകളില്‍ ആരും വോട്ട് ചെയ്തില്ല

എട്ടു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍കൊള്ളുന്ന ശ്രീനഗര്‍ മണ്ഡലത്തിലെ ഈദ്ഗാഹ്, ഖന്‍യാര്‍, ഹബ്ബ കദല്‍, ബത്മലൂ തുടങ്ങിയ പ്രദേശങ്ങളിലെ പല ബൂത്തുകളിലും വോട്ടെടുപ്പ് നടന്നില്ല.

Update: 2019-04-19 09:56 GMT

ശ്രീനഗര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീര്‍ സംസ്ഥാനത്ത് വ്യാഴാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലെ 90 ബൂത്തുകളില്‍ ഒരാള്‍ പോലും വോട്ട് ചെയ്യാനെത്തിയില്ല. നഗര ഹൃദയത്തിലെ പോളിങ് ബൂത്തുകളിലാണ് ആരും വോട്ട് ചെയ്യാന്‍ എത്താതിരുന്നത്. എട്ടു നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍കൊള്ളുന്ന ശ്രീനഗര്‍ മണ്ഡലത്തിലെ ഈദ്ഗാഹ്, ഖന്‍യാര്‍, ഹബ്ബ കദല്‍, ബത്മലൂ തുടങ്ങിയ പ്രദേശങ്ങളിലെ പല ബൂത്തുകളിലും വോട്ടെടുപ്പ് നടന്നില്ല.

മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയും ഒമര്‍ അബ്ദുല്ലയും വോട്ട് രേഖപ്പെടുത്തിയ സോനവാറില്‍ 12 ശതമാനം പോളിങ് നടന്നപ്പോള്‍ ഈദ്ഗാഹില്‍ വെറും 3.3 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. 2017ലെ ഉപതിരഞ്ഞെടുപ്പില്‍ വ്യാപക സംഘര്‍ഷമുണ്ടായിരുന്ന ബുദ്ഗാമില്‍ ഇത്തവണ 13 ബൂത്തുകളില്‍ വോട്ടെടുപ്പ് നടന്നില്ല. ശ്രീനഗറില്‍ ആകെ 14.8 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 2014ലും രാജ്യത്തെ ഏറ്റവും കുറഞ്ഞ പോളിങ് ശ്രീനഗറിലായിരുന്നു. 25.86 ശതമാനമായിരുന്നു അന്ന് പോളിങ്. 2017 ഉപതിരഞ്ഞെടുപ്പില്‍ ഇത് 7.2 % ആയി കുറഞ്ഞു.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും സിറ്റിങ് എംപിയുമായ ഫാറൂഖ് അബ്ദുല്ല ഇവിടെ വീണ്ടും മല്‍സരിക്കുന്നുണ്ട്. പിഡിപിക്കായി സയിദ് മുഹ്‌സിനും ബിജെപിക്കായി ഖാലിദ് ജഹാംഗീറും പ്യൂപ്പിള്‍സ് കോണ്‍ഫറന്‍സിനായി ഇര്‍ഫാന്‍ അന്‍സാരിയും മത്സരിക്കുന്നുണ്ട്.

Tags:    

Similar News