പോലിസ് പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്കൊരു ബഹുമാനവുമില്ല: കാനം രാജേന്ദ്രന്‍

യുഎപിഎ അറസ്റ്റില്‍ പോലിസ് നടത്തുന്നത് വ്യാജപ്രചാരണമാണ്. പുസ്തകം വായിക്കുന്നത് കുറ്റമാവുന്നതെങ്ങനെയെന്ന് കാനം ചോദിച്ചു.

Update: 2019-11-20 03:01 GMT

കോഴിക്കോട്: മവോയിസ്റ്റുകളോ ഇസ്ലാമിസ്റ്റുകളോ അല്ല ബംഗാള്‍ ഭരണം അട്ടിമറിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാവോയിസ്റ്റ് ഇസ്ലാമിക തീവ്രവാദ കൂട്ടുകെട്ടിനെക്കുറിച്ച് തനിക്കറിയില്ല. പോലിസ്് പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ തനിക്കൊരു ബഹുമാനവുമില്ലെന്നും കാനം പറഞ്ഞു.

യുഎപിഎ അറസ്റ്റില്‍ പോലിസ് നടത്തുന്നത് വ്യാജപ്രചാരണമാണ്. കേസിലെ എഫ്‌ഐആര്‍ പരിശോധിച്ചാല്‍ത്തന്നെ ഇത് വ്യക്തമാകും. പുസ്തകം വായിക്കുന്നത് കുറ്റമാവുന്നതെങ്ങനെയെന്ന് കാനം ചോദിച്ചു. ബോധപൂര്‍വം ഇല്ലാത്ത കുറ്റമാരോപിക്കുകയാണ് പോലിസ്. ഇത് ചെറുക്കപ്പെടേണ്ടതാണെന്നും കാനം വ്യക്തമാക്കി.

ആശയങ്ങളെ വെടിയുണ്ടകൊണ്ട് നേരിടാനാവില്ല. പശ്ചിമഘട്ട മേഖലയില്‍ മാവോയിസ്റ്റുകള്‍ പറയത്തക്ക ഭീഷണിയല്ല. ഈ മേഖലയില്‍ മാവോയിസ്റ്റുകള്‍ ഭീഷണിയെന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ പോലിസിന് അവരുടേതായ താല്‍പര്യങ്ങള്‍ ഉണ്ടാകുമെന്നും കാനം പറഞ്ഞു. മവോയിസ്റ്റുകളോ ഇസ്ലാമിസ്റ്റുകളോ അല്ല ബംഗാള്‍ ഭരണം അട്ടിമറിച്ചത്. ജനങ്ങള്‍ വോട്ടു ചെയ്താണ് ബംഗാളിലെ സര്‍ക്കാരിനെ തോല്‍പ്പിച്ചതെന്നും കാനം വ്യക്തമാക്കി.

ലൈബ്രറികളില്‍ മഹാഭാരതവും, രാമായണവും മാത്രം സൂക്ഷിച്ചാല്‍ മതിയാകില്ല. രണ്ട് സിം കാര്‍ഡുള്ള ഫോണ്‍ മാരകായുധമല്ലെന്നും യുഎപിഎയ്ക്ക് എതിരേ യോജിച്ച പോരാട്ടം ആവശ്യമാണെന്നും കാനം പറഞ്ഞു. 

Tags:    

Similar News