രക്തസാക്ഷികളെ മറന്നുള്ള സഖ്യം അസാധ്യം; ബിജെപിയുമായി സഖ്യത്തിനില്ലെന്ന നിലപാടിലുറച്ച് അകാലിദള്‍

Update: 2021-11-21 02:31 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചാലും ബിജെപിയുമായി സഖ്യത്തിനില്ലെന്ന നിലപാടിലുറച്ച് അകാലിദള്‍. സമരത്തില്‍ ജീവന്‍ ബലി നല്‍കിയ രക്തസാക്ഷികളെ മറന്നുള്ള സഖ്യം അസാധ്യമാണ്. ബിജെപി പഞ്ചാബിന്റെ താത്പര്യത്തിന് എതിരായ പാര്‍ട്ടിയാണെന്നും അകാലിദള്‍ ആവര്‍ത്തിച്ചു. അതേസമയം വിവാദ കാര്‍ഷിക നിയമം പിന്‍വലിച്ച ശേഷമുള്ള സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നിര്‍ണായക യോഗം ഇന്ന് സിംഗു അതിര്‍ത്തിയില്‍ ചേരും.

ഭാവി സമര പരിപാടികള്‍ രൂപീകരിക്കാനായി ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം ചേരുന്നത്. കര്‍ഷക സമരങ്ങളിലെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതിന്റെ ആത്മവിശ്വാസത്തിലാകും തുടര്‍ നീക്കം.

കര്‍ഷക സമരത്തിനിടെ രക്തസാക്ഷികളായവര്‍ക്കും പരുക്കേറ്റവര്‍ക്കും നീതി ലഭിക്കണം, മിനിമം താങ്ങു വിലയില്‍ നിയമപരമായ ഉറപ്പ്, വൈദ്യതി ബില്‍, ലേബര്‍ കോര്‍ട്ട് ബില്‍ പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സമരം തുടരാനാണ് കര്‍ഷക സംഘടനകള്‍ക്ക് ഇടയിലെ ധാരണ.

മുന്‍ നിശ്ചയിച്ചത് പ്രകാരം ലഖ്‌നൗവില്‍ മഹാപഞ്ചായത്തും നവംബര്‍ 29ന് പാര്‍ലമെന്റിലേക്ക് നിശ്ചയിച്ചിരിക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയും മറ്റ് പ്രതിഷേധ റാലികളും തുടരുന്ന കാര്യത്തില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ അന്തിമതീരുമാനമെടുക്കും. താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് നല്‍കുക എന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. കര്‍ഷക പ്രക്ഷോഭകര്‍ക്കെതിരേ എടുത്ത കേസുകള്‍, രക്തസാക്ഷികളായവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളിലും ഇന്ന് ചര്‍ച്ച നടക്കും. എഴുന്നൂറോളം പേരാണ് കര്‍ഷക പ്രക്ഷോഭത്തിനിടെ രക്തസാക്ഷികളായത്.

Tags:    

Similar News