ആന്ധ്രയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡിനെത്തിയ എന്‍ഐഎ സംഘത്തിന് നേരെ നാട്ടുകാരുടെ പ്രതിഷേധം (വീഡിയോ)

Update: 2022-09-19 04:41 GMT

ഹൈദരാബാദ്: ആന്ധ്രയിലെയും തെലങ്കാനയിലെയും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും ഓഫിസുകളിലും റെയ്ഡിനെത്തിയ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രദേശവാസികളുടെ പ്രതിഷേധം. ഇന്നലെ രാവിലെയാണ് എന്‍ഐഎ സംഘം റെയ്ഡിനെത്തിയത്. എന്‍ഐഎ കേന്ദ്ര സര്‍ക്കാരിന്റെ ആയുധമായി പ്രവര്‍ത്തിക്കുകയാണെന്നും മുസ് ലിം സംഘടനകളെ മാത്രം ലക്ഷ്യമിട്ടുള്ള നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.

ഇന്നലെ രാവിലെ മുതലാണ് പരിശോധനകള്‍ നടത്തിയത്. ഏതാനും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമവിരുദ്ധപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിശോധനയെന്ന് പോലിസ് അവകാശപ്പെട്ടു. നിസാമാബാദ്, കുര്‍ണൂല്‍, ഗുണ്ടൂര്‍, നെല്ലൂര്‍ തുടങ്ങി 23 കേന്ദ്രങ്ങളില്‍ ഒരേ സമയം പരിശോധന നടന്നു.

പരിശോധനക്ക് തൊട്ടുമുമ്പ് ഏതാനും പ്രമുഖ നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. സഫറുള്ള, മുഹമ്മദ് ഇമ്രാന്‍, മുഹമ്മദ് അബ്ദുല്‍ മൊബിന്‍ തുടങ്ങിയവരെയാണ് പോലിസ് കൊണ്ടുപോയത്. കരാട്ടെ പഠിപ്പിക്കുന്നുണ്ടെന്നും അത് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് മറയാണെന്നും പോലിസ് പറയുന്നു.

Tags: