കൊവിഡ് രൂക്ഷവ്യാപനത്തിന് കാരണം ഇരട്ട ജനിതക മാ‌റ്റം വന്ന രോഗാണുവിന്റെ 'ഇന്ത്യൻ വകഭേദം'

നിലവിൽ രാജ്യത്ത് വാക്‌സിൻ വിതരണം നടക്കുന്നുണ്ടെങ്കിലും പുതിയ രോഗാണുവിനെതിരേ വാക്‌സിൻ ഫലപ്രദമാണോയെന്ന് ഇനിയും തെളിഞ്ഞിട്ടില്ല.

Update: 2021-04-15 08:32 GMT

ന്യൂഡൽഹി: രാജ്യത്തെ രണ്ടാംഘട്ട കൊവിഡ് വ്യാപനത്തിന് മുഖ്യ കാരണം ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വ്യതിയാനം വന്ന ഈ വൈറസ് പത്ത് സംസ്ഥാനങ്ങളിലെങ്കിലുമുണ്ടെന്നാണ് കണ്ടെത്തൽ. ഡൽഹി, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, കർണാടക, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പുതുതായി ലഭിക്കുന്ന സാംപിളുകളിൽ 60 ശതമാനവും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസുകളായിരുന്നു.

നിലവിൽ രാജ്യത്ത് വാക്‌സിൻ വിതരണം നടക്കുന്നുണ്ടെങ്കിലും പുതിയ രോഗാണുവിനെതിരേ വാക്‌സിൻ ഫലപ്രദമാണോയെന്ന് ഇനിയും തെളിഞ്ഞിട്ടില്ല. ഇന്ന് 2 ലക്ഷത്തിലധികമായിരുന്നു രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക്. 1038 പേർ മരണമടയുകയും ചെയ്‌തു. ഒരാഴ്‌ചയായി ഒന്നരലക്ഷത്തിലേറെ പ്രതിദിന രോഗികളാണ് ഇന്ത്യയിലുണ്ടാകുന്നത്. ഈയാഴ്‌ച അവസ്ഥ ഇനിയും മോശമാകുമെന്നാണ് ആരോഗ്യമന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്.

ബി.1.617എന്ന ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് കൊവിഡ് രോഗാണുവിന്റെ ഇന്ത്യൻ വകഭേദമാണ്. എട്ടോളം രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന 70 ശതമാനം സാംപിളുകളും ജനിതക വ്യതിയാനം വന്ന പുതിയ വൈറസിന്റേതാണ്. വുഹാനിൽ നിന്നും പുറത്തുവന്ന കൊവിഡ് രോഗാണുവിൽ നിന്ന് 15 തരത്തിൽ രോഗാണു മാറി. ഇവയിൽ മൂന്നെണ്ണം സ്‌പൈക്ക് പ്രോട്ടീനിലാണ് മാ‌റ്റമുണ്ടാക്കിയത്. വൈറൽ ഇൻഫെക്‌ഷനെതിരേ ആന്റിബോഡികൾ പ്രതിരോധിക്കുന്ന പ്രോട്ടീനാണ് സ്‌പൈക്ക് പ്രോട്ടീൻ.

കൊവിഡിന്റെ യുകെ വകഭേദങ്ങൾക്കെതിരേ രാജ്യത്ത് വിതരണം ചെയ്യുന്ന കൊവിഷീൽഡ്, കൊവാക്‌സിനുകൾ ഫലപ്രദമാണെന്ന് തെളിഞ്ഞതാണ്. എന്നാൽ വൈറസിന്റെ ഇന്ത്യൻ വകഭേദത്തിനെതിരേ ഈ വാക്‌സിനുകൾ സുരക്ഷിതമാണോയെന്ന് ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. ദക്ഷിണാഫ്രിക്ക, യുകെ, ബ്രസീൽ എന്നിവിടങ്ങളിലെ കൊവിഡ് വകഭേദങ്ങളുടെ ആകെ സങ്കരമാണ് പുതിയ വൈറസ്.

ഇവയിൽ ഒന്നോ രണ്ടോ ഇനങ്ങളെ മാത്രമേ കണ്ടെത്തിയിട്ടുള‌ളൂ. നൂറ് കണക്കിന് വകഭേദമുണ്ടാകാമെന്നാണ് ശാസ്‌ത്രജ്ഞരുടെ ഊഹം. ഇവയിൽ ചിലതിനെതിരേ സ്‌പുട്‌നിക് വാക്‌സിൻ പോലും പ്രവർത്തിക്കുമെന്ന് തോന്നുന്നില്ലെന്ന് ഐഎൽബിഎസ് ആശുപത്രി മേധാവി ഡോ. എസ്കെ സരിൻ അഭിപ്രായപ്പെട്ടു.

പരിവർത്തനം വന്ന വൈറസുകൾ കൂടുതൽ രോഗം പടർത്താനുള‌ള ശക്തി നേടുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ ശരിയാംവിധം പാലിക്കാതെ ജനങ്ങൾ രോഗം അതിവേഗം പടരുന്നതിന് ഇടയാക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി സെന്റ‌ർ ഫോർ സെല്ലുലാർ ആന്റ് മോളിക്കുലാർ ബയോളജി ഡയറക്‌ടർ ഡോ. രാകേഷ് കെ മിശ്ര അഭിപ്രായപ്പെട്ടു.

Similar News