സാമ്പത്തിക സംവരണം: വാര്‍ഷിക വരുമാന മാനദണ്ഡം പുനപ്പരിശോധിക്കുമെന്ന് കേന്ദ്രം

കൗണ്‍സലിങ് നാലാഴ്ചയ്‌ത്തേക്കു നിര്‍ത്തിവയ്ക്കുമെന്നു ജസ്റ്റിസുമാരായ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബഞ്ചിനു സോളിസിറ്റര്‍ ജനറല്‍ ഉറപ്പുനല്‍കി.

Update: 2021-11-25 12:17 GMT

ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്കുള്ള (ഇഡബ്ല്യുഎസ്) സംവരണാനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടുന്ന കാര്യത്തില്‍ എട്ടു ലക്ഷം രൂപ വാര്‍ഷിക വരുമാന മാനദണ്ഡം പുനപ്പരിശോധിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ നാലാഴ്ചത്തെ സമയം കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തേടി.

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ (ഓള്‍ ഇന്ത്യ ക്വാട്ട) സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ക്വാട്ട ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് മാനദണ്ഡത്തെക്കുറിച്ചുള്ള ചോദ്യമുയര്‍ന്നത്. ക്വാട്ട നിയമങ്ങളെ ചോദ്യം ചെയ്തുള്ള ഹരജിയില്‍ അന്തിമതീരുമാനം വന്നില്ലെന്നിരിക്കെയായിരുന്നു സര്‍ക്കാര്‍ തീരുമാനം. നീറ്റ് കൗണ്‍സലിങ് നേരത്തെ നിര്‍ത്തിവച്ചിരുന്നു.

കൗണ്‍സലിങ് നാലാഴ്ചയ്‌ത്തേക്കു നിര്‍ത്തിവയ്ക്കുമെന്നു ജസ്റ്റിസുമാരായ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബഞ്ചിനു സോളിസിറ്റര്‍ ജനറല്‍ ഉറപ്പുനല്‍കി.

നീറ്റ്-ഓള്‍ ഇന്ത്യ ക്വാട്ട (നീറ്റ്-എഐക്യു) പ്രകാരം മെഡിക്കല്‍ സീറ്റുകളില്‍ സംവരണത്തിന് അര്‍ഹരായ ഇഡബ്ല്യുഎസ് വിദ്യാര്‍ഥികളെ കണ്ടെത്തുന്ന കാര്യത്തില്‍ എട്ട് ലക്ഷം രൂപ വാര്‍ഷിക വരുമാന മാനദണ്ഡം സംബന്ധിച്ച് എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാന്‍ നേരത്തെ ഹരജി പരിഗണിക്കവെ സുപ്രിംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

മെഡിക്കല്‍ കോഴ്സുകളില്‍ ഈ അധ്യയന വര്‍ഷത്തേക്കുള്ള നീറ്റ് (നീറ്റ്-പിജി) പ്രവേശനത്തിനു മറ്റു പിന്നാക്ക വിഭാഗങ്ങള്‍(ഒബിസി)ക്ക് 27 ശതമാനവും ഇഡബ്ല്യുഎസ് വിഭാഗത്തിന് 10 ശതമാനവും സംവരണം നല്‍കുന്ന സെന്റര്‍ ആന്‍ഡ് മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എംസിസി)യുടെ ജൂലൈ 29 ലെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹരജികളാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.

Similar News