17 രോഗികളെ കൊലപ്പെടുത്തിയ നഴ്‌സിന് 700 വര്‍ഷത്തിലേറെ തടവ്

Update: 2024-05-04 10:17 GMT

പെന്‍സില്‍വാനിയ: 17 രോഗികളെ കൊലപ്പെടുത്തുകയും നിരവധി പേരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതിന് യുഎസില്‍ നഴ്‌സിന് 700 വര്‍ഷത്തിലേറെ തടവുശിക്ഷ വിധിച്ചു. പെന്‍സില്‍വാനിയയിലെ ഹെതര്‍ പ്രസ്ഡി(41) ക്കാണ് മൂന്ന് കൊലക്കേസുകളിലും 19 കൊലപാതക ശ്രമങ്ങളിലുമായി കുറ്റസമ്മതം നടത്തിയതിന് ശിക്ഷ വിധിച്ചത്. മാരകമായ അളവില്‍ ഇന്‍സുലിന്‍ കുത്തിവച്ചാണ് നഴ്‌സ് രോഗികളെ കൊലപ്പെടുത്തിയത്. 2020നും 2023നും ഇടയില്‍ അഞ്ച് ആരോഗ്യ കേന്ദ്രങ്ങളിലായി കുറഞ്ഞത് 17 രോഗികളുടെ മരണത്തിന് ഉത്തരവാദിയാണ് നഴ്‌സെന്ന് കണ്ടെത്തിയ കോടതി, 380 മുതല്‍ 760 വര്‍ഷം വരെയാണ് തടവിന് ശിക്ഷിച്ചത്. 22 രോഗികള്‍ക്ക് അമിതമായ അളവില്‍ ഇന്‍സുലിന്‍ നല്‍കിയതിന് പ്രെസ്ഡിക്കെതിരേ കുറ്റം ചുമത്തി. ജീവനക്കാര്‍ കുറഞ്ഞ സമയത്ത് രാത്രികാല ഷിഫ്റ്റുകളിലാണ് ക്രൂരകൃത്യം ചെയ്തത്. പ്രമേഹമില്ലാത്ത രോഗികളില്‍ വരെ ഇന്‍സുലിന്‍ കുത്തിവച്ചു. മിക്ക രോഗികളും ഇന്‍സുലിന്‍ സ്വീകരിച്ച ശേഷമോ കുറച്ച് സമയത്തിന് ശേഷമോ മരണപ്പെട്ടു. ഇരകള്‍ 43 മുതല്‍ 104 വയസ്സ് വരെ പ്രായമുള്ളവരാണ്. ഇന്‍സുലിന്‍ അമിതമായി കഴിക്കുന്നത് ഹൈപ്പോഗ്ലൈസീമിയയിലേക്ക് നയിക്കുകയും ഹൃദയമിടിപ്പ് വര്‍ധിപ്പിച്ച് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യും.

    രണ്ട് രോഗികളെ കൊലപ്പെടുത്തിയതിന് കഴിഞ്ഞ വര്‍ഷം മെയിലാണ് ഇവര്‍ക്കെതിരേ ആദ്യം കുറ്റം ചുമത്തിയത്. തുടര്‍ന്നുള്ള പോലിസ് അന്വേഷണത്തിലാണ് കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയത്. സഹപ്രവര്‍ത്തകര്‍ നേരത്തേ തന്നെ നഴ്‌സിന്റെ സ്വഭാവദൂഷ്യത്തെ കുറിച്ച് പരാതിപ്പെട്ടിരുന്നു. രോഗികളോട് വിദ്വേഷത്തോടെ പെരുമാറുകയും അവഹേളിക്കുകയും ചെയ്യുന്നതായാണു പരാതിയുണ്ടായിരുന്നത്. എന്തുകൊണ്ടാണ് കുറ്റം സമ്മതിക്കുന്നതെന്ന അഭിഭാഷകരുടെ ചോദ്യത്തിന് ഞാന്‍ കുറ്റക്കാരിയാണെന്നായിരുന്നു മറുപടി. 'അവള്‍ക്ക് അസുഖമില്ല. ഭ്രാന്തില്ല. അവള്‍ ദുഷിച്ച വ്യക്തിത്വമാണ്. അവള്‍ എന്റെ പിതാവിനെ കൊന്ന ദിവസം രാവിലെ ഞാന്‍ സാത്താന്റെ മുഖത്തേക്ക് നോക്കിയെന്നും ഇരകളുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ കോടതിയില്‍ പറഞ്ഞു. 2018 മുതല്‍ 2023 വരെ നിരവധി നഴ്‌സിങ് ഹോമുകളില്‍ ജോലി ചെയ്തിരുന്നു. പ്രാഥമിക പരിശോധനകള്‍ക്കു ശേഷം നഴ്‌സിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

Tags:    

Similar News