കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് വീണ്ടും ദേശീയപാത സര്‍വേ: ഇരകള്‍ക്ക് ക്രൂര മര്‍ദ്ദനം

മലപ്പുറം ജില്ലയിലെ കക്കാട്, കരിമ്പില്‍ പ്രദേശത്ത് ഡെപ്യൂട്ടി കലക്ടര്‍ ജെഒ അരുണിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും പോലിസും അടങ്ങുന്ന വന്‍ സന്നാഹം വീട്ടുടമസ്ഥരുടെ അനുവാദമില്ലാതെ അതിക്രമിച്ച് കയറി.

Update: 2020-07-13 14:44 GMT

ഹമീദ് പരപ്പനങ്ങാടി

മലപ്പുറം: ദേശീയപാത സര്‍വേയുടെ പേരില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് അളവെടുപ്പ് നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം. കൊവിഡ് വ്യാപനം ഭയപ്പെടുന്നതിനാല്‍ പുരയിടത്തിനുള്ളില്‍ കടന്നുള്ള കണക്കെടുപ്പ് നീട്ടിവെക്കണം എന്ന ദേശീയപാത ഇരകളുടെ ന്യായമായ ആവശ്യത്തെ പോലിസിനെ ഉയോഗിച്ച് അടിച്ചമര്‍ത്തികൊണ്ടാണ് കണക്കെടുപ്പ് ജില്ലയില്‍ പുരോഗമിക്കുന്നത്.

ഇന്ന് മലപ്പുറം ജില്ലയിലെ കക്കാട്, കരിമ്പില്‍ പ്രദേശത്ത് ഡെപ്യൂട്ടി കലക്ടര്‍ ജെഒ അരുണിന്റെ നേതൃത്വത്തില്‍ മുപ്പതോളം ഉദ്യോഗസ്ഥരും പോലിസും അടങ്ങുന്ന വന്‍ സന്നാഹം ദേശീയപാത അളവെടുപ്പുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥരുടെ അനുവാദമില്ലാതെ അതിക്രമിച്ച് കയറി. കൊവിഡ് എന്ന മഹാമാരി സമൂഹ വ്യാപനത്തില്‍ എത്തിനില്‍ക്കെ ദയവുചെയ്ത് വീട്ടില്‍ കയറാതെ പിരിഞ്ഞു പോകണം എന്ന് പറഞ്ഞിട്ടും അതൊന്നും വകവെക്കാതെ ഡെപ്യൂട്ടി കലക്ടറും പോലിസും ഉദ്യോഗസ്ഥന്മാരും അനധികൃതമായി മതിലു ചാടിക്കടന്ന് വീട്ടുടമസ്ഥരെ ബലപ്രയോഗത്തിലൂടെ മാറ്റിനിര്‍ത്തിയ ശേഷമാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.

പ്രായമായവരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയ കുടുംബമാണ് തന്‍റേതെന്നും ഈ കൊവിഡ് കാലം കഴിഞ്ഞിട്ട് പോരെ ദേശീയപാത സര്‍വേ എന്ന് ജെഒ അരുണിനോട് ചോദിച്ചതിന് പോലിസിനെ ഉപയോഗിച്ച് തന്നെ അതി ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷമാണ് അളവെടുപ്പ് നടത്തിയതെന്ന് കക്കാട് സ്വദേശി കരീം പറയുന്നു. കുട്ടികളുടെയും സ്ത്രീകളുടെയും മുന്നില്‍ വെച്ചാണ് വീട്ടുടമസ്ഥരെ പോലീസ് മര്‍ദ്ദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കാലമായതിനാല്‍ ബന്ധുക്കളെ പോലും വീട്ടില്‍ കയറ്റാതെ അങ്ങേയറ്റം സൂക്ഷ്മതയോടെ ജീവിക്കുന്ന ഈ സമയത്ത് മതില്‍ ചാടി കടന്ന് അളവെടുക്കാന്‍ വന്ന ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്നെ കായികമായി കീഴ്‌പെടുത്തിയതിനുശേഷമാണ് സര്‍വ്വേ നടപടികളുമായി മുന്നോട്ടു പോയതെന്ന് മറ്റൊരു ഗൃഹനാഥന്‍ ജൗഫര്‍ എട്ടുവീട്ടിലും പറയുന്നു. കഴിഞ്ഞ ദിവസം വെന്നിയൂരില്‍ ഭിന്നശേഷിക്കാരനായ നൗഷാദ് എന്ന വീട്ടുടമസ്ഥനെ ഇതേ സംഘം ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഒരു ഭാഗത്ത് സര്‍ക്കാര്‍ തന്നെ ഈ മഹാമാരി പിടിച്ചുകെട്ടാന്‍, ആരും പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നും പറയുന്നു മറുഭാഗത്ത് സര്‍ക്കാര്‍ തന്നെ നിയമവും ലംഘിക്കുന്നു എന്ന് പ്രദേശവാസികളും നാട്ടുകാരും ഒന്നടങ്കം പറയുന്നു. സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ വാര്‍ത്ത മാധ്യമ പ്രതിനിധികളെ പോലിസ് സംഭവ സ്ഥലത്തേക്ക് അടുപ്പിച്ചില്ല. ഏത് വിധേനയും അളവെടുപ്പ് പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടേയും നിര്‍ദേശമാണിതെന്നാണ് മര്‍ദ്ദനം നടത്തിയ പോലിസിന്റെ വിശദീകരണം.

Similar News