ശൈത്യത്തിൽ ഡല്‍ഹി തണുത്ത് വിറയ്ക്കുമ്പോഴും സമരമുഖത്ത് നിന്ന് പിന്‍വാങ്ങാതെ ഷഹീന്‍ബാഗിലെ സ്ത്രീകള്‍

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച് അവര്‍ ആദ്യം കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി. പിന്നീട് അവര്‍ പറഞ്ഞു ബാബരി മസ്ജിദ് നിലനിന്നിരുന്ന ഇടത്ത് ക്ഷേത്രം പണിയുമെന്ന്. ഇപ്പോഴിതാ ഞങ്ങളോട് ഞങ്ങളുടെ വീട് വിട്ടിറങ്ങാന്‍ പറയുന്നു

Update: 2019-12-27 09:51 GMT

ന്യൂഡൽഹി: നൂറുവര്‍ഷത്തിനിടയിലെ ഏറ്റവും ശൈത്യത്തിൽ ഡല്‍ഹി തണുത്ത് വിറയ്ക്കുമ്പോഴും സമരമുഖത്ത് നിന്ന് പിന്‍വാങ്ങാതെ ഷഹീന്‍ബാഗിലെ സ്ത്രീകള്‍. കഴിഞ്ഞ പതിമൂന്ന് ​ദിവസമായി പൗരത്വ നിയമ ഭേദ​ഗതിക്കെതിരേ പ്രക്ഷോഭത്തിലാണ് ഇവിടത്തെ സ്ത്രീകള്‍. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ആരംഭിച്ചപ്പോൾ തങ്ങളുടേതായ രീതിയില്‍ അതിന്റെ ഭാഗമാകാന്‍ തീരുമാനിക്കുകയായിരുന്നു ഷഹീന്‍ബാഗിലെ പ്രദേശവാസികള്‍.  

ഡല്‍ഹിയിലേക്കുള്ള ആറുവരിപ്പാതയില്‍ ഒരു കിലോ മീറ്ററോളം വരുന്ന പ്രദേശത്ത് അവര്‍ പ്രതിഷേധവുമായി മുന്നോട്ട് പോവുകയാണ്. ഹൈവേക്ക് സമീപം താല്കാലിക ടെന്റുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. മേശകള്‍ നിരത്തി താല്കാലിക സ്റ്റേജ് നിര്‍മിച്ചു. സംഗീതവും കവിതകളും ആസാദി മുദ്രാവാക്യവും വേദിയില്‍ മാറിമാറി മുഴങ്ങുന്നു. രാത്രിയും പകലുമായി നിരത്തില്‍ ഇരിപ്പു തുടര്‍ന്നിട്ട് 12 രാത്രികള്‍ അവര്‍ പിന്നിട്ടിരിക്കുന്നു.

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച് അവര്‍ ആദ്യം കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി. പിന്നീട് അവര്‍ പറഞ്ഞു ബാബരി മസ്ജിദ് നിലനിന്നിരുന്ന ഇടത്ത് ക്ഷേത്രം പണിയുമെന്ന്. ഇപ്പോഴിതാ ഞങ്ങളോട് ഞങ്ങളുടെ വീട് വിട്ടിറങ്ങാന്‍ പറയുന്നു. ഇത് ഞങ്ങളുടെ മതത്തിന് നേരെയുള്ള ആക്രമണമാണ്. അവരിവിടെ മുസ് ലിംകളെ ആഗ്രഹിക്കുന്നില്ലെന്ന് പ്രക്ഷോഭത്തിൽ സജീവമായ ഗുലാബി പറയുന്നു.

ലിബിയക്കു മേലുള്ള ഇറ്റാലിയന്‍ കടന്നു കയറ്റത്തിന്റെ കഥ പറയുന്ന സിനിമയായ ലയണ്‍ ഓഫ് ദ ഡെസര്‍ട്ട് എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോടെയാണ് ഒരോ ദിനവും അവസാനിക്കുന്നത്. ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍, ഡല്‍ഹി യൂനിവേഴ്സ്റ്റി വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പടെ നൂറോളം പേരുള്ള ഒരു വളണ്ടിയര്‍ ടീം ഇവിടെ സേവന സന്നദ്ധരായുണ്ട്. അവരാണ് പ്രതിഷേധക്കാര്‍ക്കുള്ള ചായയും ഭക്ഷണവും പരിപാടികളും മരുന്നുകളും ക്രമീകരിക്കുന്നത്. പ്രദേശവാസികളുടെ കൈയില്‍ നിന്ന് പിരിച്ചെടുത്ത പണമുപയോഗിച്ചാണ് അവശ്യ സാധനങ്ങള്‍ വാങ്ങുന്നത്.

Tags:    

Similar News