പൗരത്വ ഭേദഗതിയെയും ഏകസിവില്‍ കോഡിനെയും ഇല്ലാതാക്കാന്‍ ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്ന് എം കെ ഫൈസി

Update: 2021-08-28 16:01 GMT

പുത്തനത്താണി: പൗരത്വ ഭേദഗതിയെയും ഏകസിവില്‍ കോഡിനെയും ഇല്ലാതാക്കാന്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കേണ്ടി വരുമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡണ്ട് എം കെ ഫൈസി. പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ പ്രതിനിധി സഭ പുത്തനത്താണിയില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേന്ദ്ര ഭരണകൂടത്തെ എതിര്‍ക്കാനും പ്രതിരോധിക്കാനും പ്രതികരിക്കാനും ആളില്ലാത്ത രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. കോണ്‍ഗ്രസ്സും ഇടത് പക്ഷവും ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തമായിരിക്കുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ശ്രമിച്ചപ്പോള്‍ നേതാക്കളുടെ ആഹ്വാനത്തിന് കാത്ത് നില്‍ക്കാതെ സാധാരണക്കാരായ സ്ത്രീകളും വിദ്യാര്‍ത്ഥികളുമാണ് സമരങ്ങളേറ്റടുത്ത് മുന്നോട്ട് പോയത്. സ്വാതന്ത്ര്യസമരത്തിന് സമാനമായിരുന്നു ജനങ്ങളുടെ പ്രതികരണം. അഴിമതിക്കും നെറികേടിനുമെതിരെ രാഷ്ട്രീയക്കാര്‍ കാലാകാലം നടത്തി വന്നിരുന്ന സമരങ്ങളെപ്പോലെ ആയിരുന്നില്ല ഈ സമരം. ഗാന്ധിയെയും നെഹ്‌റുവിനെയും പുറത്താക്കി സവര്‍ക്കറെയും ഗോഡ്‌സയെയും പോലെയുള്ള രാജ്യദ്രോഹികളെ സ്വാതന്ത്ര്യസമര ചരിത്രത്തിലേക്ക് കൊണ്ടുവരാനാണ് സംഘപരിവാര്‍ ശ്രമം.

സാമുദായിക ധ്രുവീകരണത്തിന് ബിജെപിയെ പോലെ സി.പി.എമ്മും ശ്രമിക്കുകയാണ്. ഇതിന്റെ ഗുണം യഥാര്‍ത്ഥ വര്‍ഗീയ വാദികള്‍ക്കായിരിക്കും. കോണ്‍ഗ്രസ്സിന്റെ ഗതി തന്നെയാണ് സി പി എമ്മിനും ഉണ്ടാവുക. ഫെഡറല്‍ സംവിധാനം തകര്‍ത്ത് രാജ്യത്ത് വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ എസ്ഡിപിഐ മാത്രമാണ് ഇപ്പോള്‍ രംഗത്തുള്ളത് എന്ന് അദ്ദേഹം പറഞ്ഞു.

പ്രതിനിധി സഭയില്‍ ജില്ലാ പ്രസിഡണ്ട് സി.പി.എ ലത്തീഫ് അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ടുമാരായ എം പി മുസ്തഫ മാസ്റ്റര്‍ , അഡ്വ സാദിഖ് നടുത്തൊടി, വി ടി ഇഖ്‌റാമുല്‍ ഹഖ് ജനറല്‍ സെക്രട്ടറി എ .കെ അബ്ദുല്‍ മജീദ് സെക്രട്ടറിമാരായ അഡ്വ കെ.സി നസീര്‍ ,എ ബീരാന്‍കുട്ടി ,ഹംസ പി , ടി .എം ഷൗക്കത്ത് ,മുസ്തഫ പാമങ്ങാടന്‍ , കെ.സി സലാം തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News