കൊവിഡ് മാനദണ്ഡം ലംഘിച്ച സിപിഎം സമ്മേളനത്തിനെതിരേ കേസെടുക്കണം; മുസ് ലിം ലീഗ് പരാതി നല്‍കി

Update: 2021-12-14 10:20 GMT

കണ്ണൂര്‍: കൊവിഡ് മാനദണ്ഡം ലംഘിച്ച് സമ്മേളനം നടത്തിയ സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം ലീഗ് പരാതി നല്‍കി. സിപിഎം എരിപുരത്ത് നടത്തിയ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ് ലിംലീഗ് കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് എസ് കെ പി സകരിയ്യയാണ് പഴയങ്ങാടി പോലിസില്‍ പരാതി നല്‍കിയത്. ഡിസംബര്‍ 10 മുതല്‍ 12 വരെ മൂന്ന് ദിവസങ്ങളിലായി നടത്തിയ സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിച്ചെന്നും പരാതിയില്‍ പറഞ്ഞു. സമ്മേളനത്തിന്റെ സംഘാടകര്‍ക്കും പങ്കെടുത്തവര്‍ക്കും എതിരേ നടപടിയെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

കോഴിക്കോട് കടപ്പുറത്ത് മുസ്‌ലിം ലീഗ് നടത്തിയ വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്ത 5 നേതാക്കള്‍ ഉള്‍പ്പെടെ പതിനായിരം പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് സ്വമേധയാ കേസെടുത്തിരുന്നു. മുസ് ലിംലീഗ് സമ്മേളനത്തിനെതിരേ സ്വമേധയാ കേസെടുത്ത പോലിസ് സിപിഎം സമ്മേളനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടും കേസെടുത്തില്ലെന്ന് മുസ് ലിംലീഗ് ഭാരവാഹികള്‍ ആരോപിച്ചു. ലീഗ് സമ്മേളനത്തിനെതിരേ സ്വമേധയാ കേസെടുത്ത പോലിസ് സിപിഎം സമ്മേളനത്തിനെതിരേ പരാതിയുടെ അടിസ്ഥാനത്തിലെങ്കിലും കേസെടുക്കുമോ എന്ന് മുസ് ലിംലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി ചോദിച്ചു.

Tags:    

Similar News