സിഎഎക്കെതിരേ ഫോണില്‍ സംസാരിച്ച യാത്രക്കാരനെ പോലിസില്‍ ഏല്‍പ്പിച്ച ഊബര്‍ ഡ്രൈവറെ ആദരിച്ച് ബിജെപി

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെക്കുറിച്ച് ഫോണില്‍ സംസാരിച്ച കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബപ്പാദിത്യ സര്‍ക്കാറിനെയാണ് ഡ്രൈവര്‍ പോലിസില്‍ ഏല്‍പ്പിച്ചത്.

Update: 2020-02-08 14:57 GMT

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫോണില്‍ സംസാരിച്ച യാത്രക്കാരനെ പോലിസില്‍ ഏല്‍പ്പിച്ച ഊബര്‍ ഡ്രൈവറെ ആദരിച്ച് ബിജെപി. സാന്തക്രൂസ് പോലിസ് സ്‌റ്റേഷനു സമീപത്തായി നടന്ന ആദരിക്കല്‍ ചടങ്ങില്‍ മുംബൈ ബിജെപി പ്രസിഡന്റ് എം പി ലോധയും മറ്റു നിരവധി ബിജെപി നേതാക്കളും പങ്കെടുത്തു.

സംഭവത്തിനുപിന്നാലെ െ്രെഡവര്‍ റോഹിത് സിങ്ങിനെ ഊബര്‍ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഊബര്‍ ആപ്പ് ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് കമ്പനി ഡ്രൈവറെ അറിയിച്ചത്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെക്കുറിച്ച് ഫോണില്‍ സംസാരിച്ച കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബപ്പാദിത്യ സര്‍ക്കാറിനെയാണ് ഡ്രൈവര്‍ പോലിസില്‍ ഏല്‍പ്പിച്ചത്. ബുധനാഴ്ച രാത്രി മുംബൈയിലാണ് സംഭവം നടന്നത്.

ജുഹുവില്‍ നിന്ന് രാത്രി 10.30ഓടെ കുര്‍ളയിലേക്ക് ഊബര്‍ കാര്‍ വിളിച്ച സര്‍ക്കാര്‍ യാത്രയ്ക്കിടെ ഡല്‍ഹിയിലെ ശാഹീന്‍ ബാഗിലെ പ്രതിഷേധത്തെക്കുറിച്ച് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഫോണ്‍ സംഭാഷണം ശ്രദ്ധിച്ച കാര്‍ ഡ്രൈവര്‍ തനിക്ക് എടിഎമ്മില്‍ കയറി പണം പിന്‍വലിക്കണമെന്ന് പറഞ്ഞ് വാഹനം നിര്‍ത്തി പുറത്തിറങ്ങുകയും പിന്നീട് പോലിസുമായി തിരിച്ചുവരികയുമായിരുന്നു.

ഊബര്‍ ഡ്രൈവര്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ പോലിസിനോട് നിരന്തരം ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ പറഞ്ഞു. പുലര്‍ച്ചെ 1.30 ഓടെയാണ് സര്‍ക്കാറിനെ പോലിസ് വിട്ടയച്ചത്. യാത്രക്കാരനെ പോലിസില്‍ ഏല്‍പ്പിച്ച നടപടി വിവാദമായതോടെ ഡ്രൈവര്‍ക്കെതിരേ ഊബര്‍ നടപടിയെടുക്കുകയായിരുന്നു.

Tags:    

Similar News