റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍, മുഖ്യപ്രതി ഒളിവില്‍

Update: 2022-07-06 19:22 GMT

എടപ്പാള്‍: ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം കാണിച്ച് റെയില്‍വേയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ മൂന്ന് പ്രതികളെ മുക്കം പോലിസ് പിടികൂടി. ബിജെപി അനുഭാവികളും പ്രവര്‍ത്തകരുമായ മുക്കം വല്ലത്തായി പാറ സ്വദേശി ഷിജു, സഹോദരന്‍ സിജിന്‍, എടപ്പാള്‍ സ്വദേശി ബാബു എന്നിവരെയാണ് മുക്കം പോലിസ് പിടികൂടിയത്.

ഏഴര ലക്ഷം രൂപ നഷ്ടമായെന്ന മൂന്നുപേരുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. തട്ടിപ്പിന്റെ ആസൂത്രകയെന്ന് പോലിസ് സംശയിക്കുന്ന എടപ്പാള്‍ സ്വദേശി അശ്വതി വാര്യര്‍ ഒളിവിലാണ്.

റെയില്‍വെയില്‍ വിവിധ തസ്തതികകളില്‍ മാന്യമായ ശമ്പളത്തോടെ ജോലിയെന്ന വാഗ്ദാനം നല്‍കിയായിരുന്നു ലക്ഷങ്ങള്‍ വെട്ടിച്ചത്. കോഴിക്കോട് തിരുവമ്പാടിയില്‍ മാത്രം അമ്പത് പേരെങ്കിലും തട്ടിപ്പിനിരയായെന്നാണ് പോലിസ് നിഗമനം. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇമെയില്‍ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ചിലര്‍ക്ക് ദക്ഷിണ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ വ്യാജ നിയമന ഉത്തവും നല്‍കി. ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഉണ്ടാക്കിയ വാട്‌സ് അപ് ഗ്രൂപ്പില്‍ , ജോലികിട്ടിയതായി പലരുടെയും പേരില്‍ സന്ദേശങ്ങള്‍ പതിവായിരുന്നു. ഇതുകണ്ടാണ് കൂടുതല്‍ പേര്‍ കുടുങ്ങിയതെന്നാണ് പോലിസ് പറയുന്നത്.

തട്ടിപ്പിന്റെ ഇടനിലക്കാര്‍ മാത്രമാണ് ഇപ്പോള്‍ അറസ്റ്റിലായരിക്കുന്നത്. ആസൂത്രകയെന്ന് കരുതുന്ന മലപ്പുറം എടപ്പാള്‍ സ്വദേശി അശ്വതി വാര്യര്‍ക്കായി പോലിസ് തെരച്ചില്‍ തുടരുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ഉറപ്പുനല്‍കി അശ്വതി അയച്ച വീഡിയോ സന്ദേശങ്ങളും പോലിസ് ശേഖരിച്ചു. റെയില്‍വെയില്‍ ഉന്നത പദവിയിലെന്ന് വിശ്വസിപ്പിച്ചായിരുന്നു അശ്വതിയുടെ തട്ടിപ്പ്.

ബിജെപി നേതാക്കള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ വരെ കാണിച്ചുകൊടുത്താണ് പലരുടെയും വിശ്വാസം നേടിയെടുത്തത്. പ്രാദേശികമായി മാത്രം നടന്ന തട്ടിപ്പല്ലെന്നും കൂടുതല്‍ പരാതികള്‍ക്ക് സാധ്യതയുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അറസ്റ്റിലായവര്‍ക്കെതിരേ ചങ്ങരംകുളം പൊന്നാനി സ്‌റ്റേഷനുകളില്‍ സമാന പരാതികളുണ്ടെന്നും പോലിസ് പറഞ്ഞു.

Tags:    

Similar News