ഐഷാ സുല്‍ത്താനക്കെതിരായ നീക്കം: ലക്ഷദ്വീപിലെ വിയോജിപ്പുകളെ നിശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗം- എന്‍ഡബ്ല്യുഎഫ്

ദ്വീപില്‍ നിന്നുള്ള ആദ്യത്തെ ചലച്ചിത്ര പ്രവര്‍ത്തകയായ ഐഷാ സുല്‍ത്താന, ജനങ്ങളുടെ ആശങ്കകള്‍ ദേശീയ മാധ്യമങ്ങളിലൂടെ പുറത്ത് കൊണ്ടുവരികയും നീതിക്കായി ശബ്ദമുയര്‍ത്തുകയുമാണ് ചെയ്തത്.

Update: 2021-06-13 08:51 GMT

കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ചലച്ചിത്രപ്രവര്‍ത്തക ഐഷാ സുല്‍ത്താനക്കെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ദ്വീപിലെ വിയോജിപ്പുകളെ നിശബ്ദമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് നാഷണല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എ ഷാഹിദ പ്രസ്താവനയില്‍ പറഞ്ഞു.

ലക്ഷദ്വീപിന്റെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിയ നിയമനിര്‍മ്മാണങ്ങളിലും പരിഷ്‌കാരങ്ങളിലും ലക്ഷദ്വീപിലെ മുഴുവന്‍ ജനങ്ങളും രോഷാകുലരാണ്. അവ ഏകാധിപത്യസ്വഭാവത്തിലുള്ളതും ദ്വീപിലെ തദ്ദേശവാസികളുടെ തനതായ സാംസ്‌കാരിക സ്വത്വത്തിനും ജീവിത രീതിക്കും ഭീഷണി ഉയര്‍ത്തുന്നതുമാണ്. ദ്വീപില്‍ നിന്നുള്ള ആദ്യത്തെ ചലച്ചിത്ര പ്രവര്‍ത്തകയായ ഐഷാ സുല്‍ത്താന, ജനങ്ങളുടെ ആശങ്കകള്‍ ദേശീയ മാധ്യമങ്ങളിലൂടെ പുറത്ത് കൊണ്ടുവരികയും നീതിക്കായി ശബ്ദമുയര്‍ത്തുകയുമാണ് ചെയ്തത്.

ഐഷാ സുല്‍ത്താനക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുത്ത കവരത്തി പോലിസിന്റെ നടപടി ഞെട്ടലുളവാക്കുന്നതും നിരാശാജനകവുമണ്. സമൂഹത്തിലെ പിന്നോക്കം നില്‍ക്കുന്ന ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന വനിതാ ചലച്ചിത്രകാരിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും വിയോജിപ്പിനെയും നിശബ്ദമാക്കാനുള്ള നീക്കമാണിത്.

പ്രഫുല്‍ പട്ടേലിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുക വഴി ലക്ഷദ്വീപിലെ ജനങ്ങളുടെ പിന്തുണ ആര്‍ജ്ജിച്ച ഐഷാ സുല്‍ത്താന ഭരണകക്ഷിക്ക് അസ്വസ്ഥത സൃഷ്ടിച്ചുവെന്നത് വ്യക്തമാണ്. ഇതിന്റെ ഭാഗമായി നടന്ന ഗൂഢാലോചനയുടെ ഫലമാണ് ഈ കേസ്.

ഐഷാ സുല്‍ത്താനക്കെതിരേ ചുമത്തിയ കേസ് ഉടന്‍ പിന്‍വലിക്കണമെന്ന് എന്‍ഡബ്ലിയുഎഫ് ആവശ്യപ്പെടുന്നു. ഐഷാ സുല്‍ത്താനയോടും ലക്ഷദ്വീപിലെ ജനങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം രാജ്യത്തെ എല്ലാ ജനാധിപത്യശക്തികളും ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരേ രംഗത്തുവരണമെന്നും ദേശീയ പ്രസിഡന്റ് അഭ്യര്‍ഥിച്ചു.

Tags:    

Similar News