തിരഞ്ഞെടുപ്പ് പ്രഖ്യാപനം: ഉദ്ഘാടന നാടകവുമായി മോദി

Update: 2019-03-10 07:31 GMT

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വരുന്നതിനു മുമ്പ് പരമാവധി പദ്ധതികളുടെ ഉദ്ഘാടന പ്രഖ്യാപനം നടത്താന്‍ ഓടി നടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 157 പദ്ധതികളാണ് ഇക്കഴിഞ്ഞ ഒരുമാസത്തിനിടെ മോദി ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ ഉദ്ഘാടനങ്ങള്‍ക്കായി മാത്രം 28 യാത്രകളും മോദി നടത്തി. മോദിക്കു പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാനാണു കമ്മീഷന്‍ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് മോദിയുടെ ഉദ്ഘാടന പ്രഖ്യാപനങ്ങള്‍. ഗ്യാസ് പൈപ്പ് ലൈന്‍, വിമാനത്താവളങ്ങള്‍, കുടിവെള്ള പദ്ധതികള്‍, വൈദ്യുത പദ്ധതികള്‍, ദേശീയ പാതകള്‍ റെയില്‍വേ പാതകള്‍, മെഡിക്കള്‍ കോളജുകള്‍, ആശുപത്രികള്‍ തുടങ്ങിയവയാണ് മോദി തിരക്കിട്ടു ഉദ്ഘാടനം ചെയ്തവ. എന്നാല്‍ പുതിയതാണെന്ന തരത്തില്‍ അവതരിപ്പിച്ച ഇവയില്‍ പലതും പഴയ പദ്ധതികളാണെന്നു പ്രതിപക്ഷം ആരോപിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ഒരുമാസം അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉദ്ഘാടന പരിപാടികളൊന്നും നടത്തിയിരുന്നില്ല.

Tags: