കടലില്‍ കാണാതായ യുവാവിനെ എട്ട് ദിവസമായിട്ടും കണ്ടെത്താനായില്ല; പ്രതിഷേധവുമായി നാട്ടുകാര്‍

സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായതോടെ മല്‍സ്യതൊഴിലാളികള്‍ തന്നെ സ്വന്തം നിലയില്‍ തിരച്ചില്‍ നടത്തി. മല്‍സ് ബന്ധനത്തിന് പോകുന്ന തൊഴിലാളികളും തങ്ങളുടെ കൂടപ്പിറപ്പിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Update: 2020-08-04 06:30 GMT

-ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: വലിയ വള്ളത്തില്‍ നിന്ന് ലഭിച്ച മത്സ്യവുമായി തീരത്തേക്ക് ചെറുതോണിയില്‍ വരുന്നതിനിടെ അപകടത്തില്‍പെട്ട് കാണാതായ യുവാവിനെ കണ്ടത്താനാവാത്തത് തിരച്ചിലിലെ അപാകത മൂലമെന്ന് ബന്ധുക്കളും നാട്ടുകാരും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മീന്‍ പിടിക്കാന്‍ പോയ ചെറു ഫൈബര്‍ വള്ളം മീന്‍ പിടുത്തം കഴിഞ്ഞ് ഹാര്‍ബറിലേക്കുള്ള മടക്ക യാത്രക്കിടയില്‍ മറിഞ്ഞു രണ്ടു പേരെ കാണാതാവുന്നത്. ഒരു രാത്രി മുഴുവന്‍ കടലില്‍ നീന്തി ഏനിന്റെ പുരക്കല്‍ നസ്‌റു രക്ഷപെട്ടെങ്കിലും കൂട്ടായി യാറുക്കടവത്ത് സിദ്ധീഖിനെ ഇന്നേക്ക് എട്ടാം ദിനത്തിലും കണ്ടത്തിയിട്ടില്ല.

കടലില്‍ നിന്ന് നീന്തി രക്ഷപ്പെട്ട നസറു

തങ്ങള്‍ ഒരുമിച്ചാണ് കടലില്‍ആണ്ട് പോയ ചെറുതോണിയില്‍ നിന്ന് ചാടി നീന്തിയതെന്ന് രക്ഷപെട്ട നസറു പറയുന്നു. പുലിമൂട്ട് വരെ രണ്ട് പേരും ഒരുമിച്ചായിരുന്നത്രെ.തന്റെ കാലുകള്‍ തളരുന്നെന്നും നീ നീന്തിക്കൊ, ഞാന്‍ വന്നോളാം എന്നായിരുന്നത്രെ സിദ്ധീഖ് അവസാനമായി പറഞ്ഞത്. പക്ഷെ സിദ്ധീഖ് ഇതുവരെ തീരമണഞ്ഞില്ല.

അപകടം നടന്ന ആദ്യ ദിവസത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഒരു ബോട്ട് കടലിലൂടെ സഞ്ചരിച്ചതൊഴിച്ചാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു. കടലിലെ അപകടങ്ങളെ തുടര്‍ന്നുണ്ടാവുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പല സംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കെ യാതൊരു നീക്കത്തിനും അധികൃതര്‍ തയ്യാറാവാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.

അധികൃതരുടെ ശ്രദ്ധക്ഷണിക്കാനായി നാട്ടുകാരുടെ കൂട്ടായ്മയില്‍ പ്രൊഫൈല്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍, ഈ പ്രതിഷേധത്തെ സിപിഎം പ്രവര്‍ത്തകര്‍ രാഷ്ട്രീയമായാണ് നേരിട്ടതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. നാട്ടുകാരന്‍ എന്ന നിലയില്‍ പ്രതിഷേധത്തിന്റെ ഭാഗവാതെ വിവാദമാക്കാനാണ് പാര്‍ട്ടിക്കാര്‍ ശ്രമിച്ചതെന്നും ആരോപണമുണ്ട്.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയായതോടെ മല്‍സ്യതൊഴിലാളികള്‍ തന്നെ സ്വന്തം നിലയില്‍ തിരച്ചില്‍ നടത്തി. മല്‍സ് ബന്ധനത്തിന് പോകുന്ന തൊഴിലാളികളും തങ്ങളുടെ കൂടപ്പിറപ്പിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

പ്രളയത്തിലും മറ്റു ദുരന്തമുഖങ്ങളിലും ധൈര്യത്തോടെ നിന്ന മല്‍സ്യതൊഴിലാളോട് സര്‍ക്കാര്‍ അവഗണന തുടരുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വള്ളം നിറയെ മീന്‍ കിട്ടിയാലും ഈ പാവങ്ങളുടെ ദുരിതക്കണ്ണീരിന് മാത്രം അറുതിയുണ്ടാവുന്നില്ല. വീടും, പഠനവും, വിദ്യാഭ്യാസവുമൊക്കെ സ്വപ്നമായി അവശേഷിക്കുന്നവര്‍ ഇന്നുമുണ്ടിവിടെ.

ദുരിത ജീവിതത്തോട് പടവെട്ടി കായിക രംഗത്ത് മലയാളിയുടെ അഭിമാന താരങ്ങള്‍ ഉപ്പു രസമുള്ള ഈ മണ്ണില്‍ നിന്നുയര്‍ന്നു വന്നിട്ടുണ്ടെന്നും നാം ഓര്‍ക്കണം.

നിനച്ചിരിക്കാതെ കടലില്‍ എത്രയോ പേര്‍ക്കാണ് ജീവിതം നഷ്ടപ്പെടുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് ഒരു കുടുംബത്തെ അനാഥമാക്കി നിറമരുതൂര്‍ പുതിയകടപ്പുറത്തെ കണ്ണപ്പന്റെ പുരക്കല്‍ സലാം കടലില്‍ മരണപ്പെട്ടത്. സലാമിന് ബാക്കിയുണ്ടായിരുന്നത് ഒരാള്‍ക്ക് കുനിഞ്ഞു മാത്രം കടക്കാന്‍ കഴിയുന്ന ഒറ്റമുറി ഓലഷെഡ് മാത്രമായിരുന്നു.

കഴിഞ്ഞ ദിവസമാണ് പുതിയകടപ്പുറം സാവാനാജിന്റെ പുരക്കല്‍ അബ്ബാസ് മീന്‍പിടുത്തം കഴിഞ്ഞ് മടങ്ങവേ ഹാര്‍ബറില്‍ വെച്ചു കുഴഞ്ഞു വീണ് മരിച്ചത്. കടല്‍ ദുരന്തങ്ങളുടെ അവസാനത്തെ ഇരയാണ് സിദ്ധീഖ്. കടല്‍ കരയിലേക്ക് കയറുമ്പോള്‍ എത്ര വീടുകളാണ് ഇല്ലാതാവുന്നത്. കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ കടലെടുക്കുന്നത് നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വന്ന എത്രയോ മത്സ്യതൊഴിലാളികളെ കണ്ടിട്ടുണ്ട്. കടല്‍ ഭിത്തി നിര്‍മ്മിക്കാതിരിക്കുന്നത്ത് ഭരണകൂടങ്ങള്‍ ഒരു ജനതയോട് ചെയ്യുന്ന കൊടും പാതകമാണ്. മല്‍സ്യതൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.  

Tags:    

Similar News