യുപിയില്‍ 15 കാരിയെ 'ജിഹാദികള്‍' കൂട്ടബലാത്സംഗം ചെയ്‌തെന്ന് ഹിന്ദുത്വര്‍; വ്യാജ പ്രചാരണം പൊളിച്ച് പോലിസ്

Update: 2021-12-06 13:41 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 15 കാരിയെ ജിഹാദികള്‍ കൂട്ടബലാത്സംഗം ചെയ്‌തെന്ന വിദ്വേഷ പ്രചാരണവുമായി ഹിന്ദുത്വര്‍. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വന്ന് സംഘപരിവാര്‍ വ്യാജപ്രചാരണം പൊളിച്ചടക്കി പോലിസും ആള്‍ട്ട് ന്യൂസ് ഉള്‍പ്പടേയുള്ള മാധ്യമങ്ങളും.

കൂട്ടബലാത്സംഗ കേസില്‍ അറസ്റ്റിലായവരുടെ പേരും ചിത്രവും പോലിസ് ട്വീറ്റ് ചെയ്തതോടെയാണ് സംഘപരിവാര്‍ വ്യാജ പ്രചാരണം പൊളിഞ്ഞത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായത് ഭരതിന്റെ മകന്‍ പ്രശാന്തും രവീന്ദ്രന്റെ മകന്‍ പരംജീതും ആണെന്ന് പോലിസ് ട്വിറ്ററിലൂടെ അറിയിച്ചു.

നവംബര്‍ 29ന് അമര്‍ ഉജാല, ദൈനിക് ജാഗരണ്‍ എന്നീ പത്രങ്ങളാണ് കൂട്ടബലാത്സംഗത്തിന്റെ വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത്. പ്രതികളുടെ പേരും മറ്റു വിവരങ്ങളും ഇല്ലാതെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഈ വാര്‍ത്ത സാമൂഹിക മാധ്യമങ്ങള്‍ പോസ്റ്റ് ചെയ്ത് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത് ജിഹാദികള്‍ ആണെന്ന് ഹിന്ദുത്വര്‍ വ്യാപകമായി പ്രചരിപ്പിച്ചു. നിരവധി സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് പോസ്റ്റ് ചെയ്ത് വിദ്വേഷ പ്രചാരണം നടത്തിയത്.

പതഞ്ജലി രാകേഷ് എന്ന വെരിഫൈഡ് ട്വിറ്റര്‍ യൂസര്‍ ഉള്‍പ്പടെ നിരവധി സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ സമാനമായ വാര്‍ത്ത പ്രചരിപ്പിച്ചു. പതഞ്ജലി രാകേഷിന്റെ പോസ്റ്റ് ആയിരത്തിലധികം പേരാണ് റീ ട്വീറ്റ് ചെയ്തത്. ഹിന്ദു ഭൂരിപക്ഷ ഗ്രാമമായ റംലയില്‍ ഹിന്ദു വിഭാഗത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയാണ് ബലാത്സംഗത്തിന് ഇരയായതെന്ന് രാകേഷ് അവകാശപ്പെട്ടു.

നേരത്ത ഒരാള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച വാര്‍ത്തയാണ് രാകേഷ് ട്വിറ്ററില്‍ പങ്കുവച്ചത്. 'ഹിന്ദു കമ്മ്യൂണിറ്റി ഇന്‍ യുഎസ്എ' ഉള്‍പ്പടെ നിരവധി സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളും വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിപ്പിച്ചതായി കണ്ടെത്തി. എന്നാല്‍, ഡിസംബര്‍ ഒന്നിന് സംഭവത്തിന്റെ പൂര്‍ണമായ വിവരങ്ങള്‍ പോലിസ് പുറത്ത് വിട്ടതോടെ സംഘപരിവാര്‍ വ്യാജ പ്രചാരണം പൊളിയുകയായിരുന്നു.

Tags: