ഇന്ധന വിലവര്‍ധനയ്ക്ക് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി

എണ്ണ ബോണ്ടുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാരിന്റെ കാലത്തെ കോടികളുടെ ബാധ്യത ബിജെപി സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കുകയാണ്.

Update: 2021-06-23 09:40 GMT

ന്യൂഡല്‍ഹി: ഇന്ധന വിലവര്‍ധനയ്ക്ക് കാരണം കോണ്‍ഗ്രസും യുപിഎ സര്‍ക്കാരുമാണെന്ന്് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. എണ്ണ ബോണ്ടുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാരിന്റെ കാലത്തെ കോടികളുടെ ബാധ്യത ബിജെപി സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കുകയാണ്. മുതലും പലിശയുമായി കോടികളാണ് തിരിച്ചടയ്ക്കുന്നത്. ഇതാണ് ഇന്ധന വിലവര്‍ധനയ്ക്ക് കാരണമെന്നാണ് ധര്‍മ്മേന്ദ്ര പ്രധാന്റെ അവകാശവാദം.

കൂടാതെ രാജ്യാന്തര വിപണിയിലും എണ്ണവില വര്‍ധിച്ചിട്ടുണ്ട്. എണ്ണ ആവശ്യകതയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതും ഇന്ധന വിലവര്‍ധനയ്ക്ക് കാരണമായതായി ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

കഴിഞ്ഞ 50 ദിവസത്തിനിടെ 28 തവണയാണ് ഇന്ധനവില വര്‍ധിച്ചത്. പലയിടത്തും പെട്രോള്‍ വില ലിറ്ററിന് നൂറ് രൂപയ്ക്ക് മുകളിലാണ്. ഇന്ധന വിലവര്‍ധനയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

Tags: