വ്യവസായിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന് പരാതി; കര്‍ണാടക ഹിന്ദു മഹാസഭാ നേതാവ് അറസ്റ്റില്‍

Update: 2022-12-15 07:19 GMT

മംഗളൂരു: സ്വകാര്യവിവരങ്ങള്‍ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന പരാതിയില്‍ കര്‍ണാടക സംസ്ഥാന ഹിന്ദു മഹാസഭാ നേതാവിനെ അറസ്റ്റ് ചെയ്തു. ഹിന്ദുമഹാസഭ നേതാവ് രാജേഷ് പവിത്രനെ (42)യാണ് സൂറത്ത്കല്‍ പോലിസ് അറസ്റ്റ് ചെയ്തത്. കാവൂര്‍ സ്വദേശിയായ സുരേഷാണ് രാജേഷ് പവിത്രനെതിരേ പരാതി നല്‍കിയത്. രാജേഷ് പവിത്രനെ പങ്കാളിയാക്കി കച്ചവടം നടത്താന്‍ സുരേഷ് തീരുമാനിച്ചിരുന്നു.

എന്നാല്‍, രാജേഷ് പവിത്രന്റെ നിയമവിരുദ്ധ ഇടപാടുകള്‍ അറിഞ്ഞതോടെ പങ്കാളിത്തത്തില്‍ നിന്ന് സുരേഷ് പിന്‍മാറി. ഇതില്‍ പ്രകോപിതനായ രാജേഷ് പവിത്രന്‍ സുരേഷിന്റെ ലാപ്‌ടോപ്പ് പിടിച്ചുവാങ്ങി. കൂടുതല്‍ പണം നല്‍തണമെന്നും അല്ലാത്തപക്ഷം ലാപ്‌ടോപ്പിലെ സ്വകാര്യവിവരങ്ങള്‍ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. കൂടാതെ കാലും കൈയും തല്ലിയൊടിക്കുമെന്നും സുരേഷിനെ ഹിന്ദുമഹാസഭാ നേതാവ് ഭീഷണി മുഴക്കി. തുടര്‍ന്നാണ് സുരേഷ് സൂറത്ത്കല്‍ പോലിസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പവിത്രനെ അറസ്റ്റ് ചെയ്ത് പോലിസ് കോടതിയില്‍ ഹാജരാക്കി. തട്ടിപ്പ് നടത്തിയ രാജേഷ് പവിത്രന് സഹായം നല്‍കിയെന്നാരോപിച്ച് ഡോക്ടര്‍ സനിജയ്‌ക്കെതിരെയും പോലിസ് കേസെടുത്തിട്ടുണ്ട്.

Tags:    

Similar News