മൗലികാവകാശത്തിലേക്കുള്ള കടന്നുകയറ്റം; സ്പെഷ്യല്‍ മാര്യേജ് ആക്ട് വിവാഹങ്ങൾക്ക് പരസ്യപ്പെടുത്തൽ നിർബന്ധമില്ലെന്ന് അലഹബാദ് ഹൈക്കോടതി

വിവാഹ രജിസ്റ്റര്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കുമ്പോള്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നത് ദമ്പതിമാര്‍ക്ക് തിരഞ്ഞെടുക്കാം. അത്തരമൊരു നിര്‍ദേശം ദമ്പതിമാര്‍ നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥന് വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Update: 2021-01-13 13:41 GMT

അലഹബാദ്: പ്രത്യേക വിവാഹ (സ്പെഷ്യല്‍ മാര്യേജ്) നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് സംബന്ധിച്ച് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി. പ്രത്യേക വിവാഹ നിയമ പ്രകാരം വിവാഹിതരാകുന്ന ദമ്പതിമാരുടെ വിവരങ്ങള്‍ നിര്‍ബന്ധമായും നോട്ടീസായി പ്രദര്‍ശിപ്പിക്കണമെന്ന വ്യവസ്ഥ സ്വകാര്യത ലംഘിച്ചുകൊണ്ടുള്ള മൗലിക അവകാശത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ആരുടേയും ഇടപെടുലകളില്ലാതെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനെതിരാണ് ഈ വ്യവസ്ഥയെന്നും ജസ്റ്റിസ് വിവേക് ചൗധരിയുടെ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

ദമ്പതിമാരുടെ പേര്, ജനന തിയതി, വയസ്, ജോലി, മാതാപിതാക്കളുടെ പേരുവിവരം, തിരിച്ചറിയല്‍ വിവരം, ഫോണ്‍ നമ്പര്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കണമെന്നാണ് 1954-ലെ നിയമത്തില്‍ പറയുന്നത്. ഇത് ദമ്പതികളുമായി ബന്ധമില്ലാത്തവര്‍ക്ക് പോലും എതിര്‍പ്പറിയിക്കാന്‍ 30 ദിവസത്തെ സമയമനുവദിക്കുന്നുണ്ട്. വിവാഹ രജിസ്റ്റര്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കുമ്പോള്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണോ വേണ്ടയോ എന്നത് ദമ്പതിമാര്‍ക്ക് തിരഞ്ഞെടുക്കാം. അത്തരമൊരു നിര്‍ദേശം ദമ്പതിമാര്‍ നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥന് വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

1954 ലെ ആക്ടിന് കീഴിലുള്ള ഏതെങ്കിലും വിവാഹത്തിന് കക്ഷികളുടെ തിരിച്ചറിയല്‍, പ്രായം, സമ്മതം എന്നിവ ഉറപ്പുവരുത്തുന്നതിനോ അല്ലെങ്കില്‍ വിവാഹ നിയമ സാധുത പരിശോധിക്കുന്നതിനോ വിവാഹ രജിസ്റ്റര്‍ ഓഫീസര്‍ക്ക് എല്ലായ്‌പ്പോഴും വിവരങ്ങള്‍ ലഭ്യമാക്കാമെന്നും കോടതി അറിയിച്ചു.

താന്‍ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന യുവതിയെ അന്യായമായി തടങ്കലിലാക്കിയിട്ടുണ്ടെന്ന് കാണിച്ച് യുവാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. പ്രത്യേക വിവാഹ നിയമപ്രകാരം തങ്ങളുടെ ദാമ്പത്യബന്ധം ഉറപ്പാക്കാമെന്ന് കാമുകി കാമുകന്‍മാര്‍ കോടതിയില്‍ അപേക്ഷ നല്‍കി.

എന്നാല്‍ ഈ നിയമത്തിന് 30 ദിവസത്തെ അറിയിപ്പ് പ്രസിദ്ധീകരിക്കേണ്ടതുണ്ട്, മാത്രമല്ല പൊതുജനങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ ക്ഷണിക്കുകയും വേണം. അത്തരമൊരു അറിയിപ്പ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും വിവാഹവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തില്‍ അനാവശ്യമായ സാമൂഹിക ഇടപെടല്‍ ഉണ്ടാക്കുമെന്നും ഇരുവരും വാദിച്ചു. ഇവരുടെ ആശങ്ക ശരിവച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.

1954 ലെ ആക്ടിലെ നോട്ടീസ് പ്രസിദ്ധീകരിക്കുന്നതിനും ഉദ്ദേശിച്ച വിവാഹത്തിന് എതിർപ്പുകൾ ക്ഷണിക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ ഉൾക്കൊള്ളുന്ന സെക്ഷൻ 46, 6, 7 വകുപ്പുകളുടെ വ്യാഖ്യാനം മൗലികാവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതും അത് ലംഘിക്കാത്തതും ആയിരിക്കണമെന്ന് കോടതി അടിവരയിട്ടു. ഉത്തർപ്രദേശിൽ മിശ്രവിവാഹങ്ങൾക്കു മേൽ ലൗ ജിഹാദ് നിയമം നിർബാധം ചുമത്തുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു വിധിയെന്നതും ശ്രദ്ധേയമാണ്.

Mandatory Publication Of Notice Of Intended Marriage Under Special Marriage Act Violates Right To Privacy: Allahabad High Court

Similar News