അടൂരിൽ അരളിച്ചെടിയുടെ ഇല കഴിച്ച പശുവും കിടാവും ചത്തു

Update: 2024-05-06 08:49 GMT

പത്തനംതിട്ട: അടൂര്‍ തെങ്ങമത്ത് അരളിച്ചെടിയുടെ ഇല കഴിച്ച പശുവും പശുക്കിടാവും ചത്തു. മഞ്ചുഭവനത്തില്‍ പങ്കജവല്ലിയമ്മയുടെ വീട്ടിലെ നാലു മാസം പ്രായമായ കിടാവും നാല് വയസ് പ്രായമുള്ള പശുവുമാണ് ചത്തത്.

പോസ്റ്റ്‌മോര്‍ട്ടത്തിലുടെയാണ് അരളി ഇലയില്‍നിന്നുള്ള വിശാംശമാണ് മരണകാരണമെന്ന് കണ്ടെത്തിയത്. ജില്ലാ വെറ്ററിനറി ഓഫിസര്‍ ഇത് സ്ഥിരീകരിച്ചു.

സമീപത്തെ വീട്ടുകാര്‍ വെട്ടിക്കളഞ്ഞ അരളി, തീറ്റയ്‌ക്കൊപ്പം പശുവിനും കിടാവിനും നല്‍കിയിരുന്നു. ദഹനക്കേടിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് മൃഗാശുപത്രിയില്‍നിന്ന് മരുന്ന് വാങ്ങി വന്നെങ്കിലും കിടാവ് കഴിഞ്ഞ വ്യാഴാഴ്ച ചത്തു.

പശു കൂടുതല്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃഗാശുപത്രിയില്‍നിന്ന് കുത്തിവെപ്പ് എടുപ്പിക്കുന്നതിന് ആളെ എത്തിച്ചു. സമീപത്തുണ്ടായിരുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ സംശയത്തിന് ഇടവരുത്തിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പശുവും ചത്തു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.

Tags:    

Similar News