ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിയെടുത്തത് 31 ലക്ഷം രൂപ; നാലുപേർ അറസ്റ്റിൽ

Update: 2024-05-06 08:53 GMT

ഉദുമ(കാസര്‍കോട്): ഓണ്‍ലൈന്‍ ഇടപാടിലൂടെ 31,92,785 രൂപ തട്ടിയെടുത്ത കേസില്‍ നാലുപേരെ ബേക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു.

മലപ്പുറം താനൂര്‍ പുതിയ കടപ്പുറം അഞ്ചുഡിയിലെ മുക്കാട്ടില്‍ ഹൗസില്‍ റിസാന്‍ മുബഷീര്‍ (23), താനൂര്‍ കോര്‍മന്തല പിപി അര്‍സല്‍ മോന്‍ (24), ഫാറൂഖ് പള്ളി ഓട്ടുമ്പുറത്തെ എം അസീസ് (31), കോര്‍മാന്‍ കടപ്പുറം ചെക്കിഡന്റെ പുരയില്‍ സിപി താജുദീന്‍ (സാജു40) എന്നിവരെയാണ് ബേക്കല്‍ ഡിവൈഎസ്പി ജയന്‍ ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. തൃക്കണ്ണാട് മാരന്‍വളപ്പ് ശിവഗിരിയില്‍ സഞ്ജയ് കുമാര്‍ കൃഷ്ണയുടെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ലാഭവിഹിതം നല്‍കാമെന്ന വ്യവസ്ഥയില്‍ ട്രേഡിങ് ആപ്പ് വഴി 2024 ജനവരി എട്ടുമുതല്‍ ഫെബ്രുവരി ആറുവരെ വിവിധ അക്കൗണ്ടുകളിലേക്ക് 31,92,785 രൂപ ഈ സംഘം വാങ്ങിയെന്നും തുടര്‍ന്ന് ലാഭവിഹിതമോ മുതലോ തിരികെ നല്‍കാതെ കബളിപ്പിച്ചുവെന്നുമാണ് പരാതി. കഴിഞ്ഞമാസം 14നാണ് ബേക്കല്‍ പോലിസില്‍ പരാതി കൊടുത്തത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘത്തില്‍ ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ എസ് അരുണ്‍ഷാ, എഎസ്‌ഐ ജോസഫ്, ജയപ്രകാശ്, സിനീയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ ദീപക്, രാഗേഷ്, സീമ എന്നിവരുമുണ്ടായിരുന്നു.

Tags:    

Similar News