ഒരു രാത്രിയും പകലും മണ്ണിനടിയില്‍; ഉരുള്‍പൊട്ടിയ പുത്തിമലയില്‍ ഒരാളെ ജീവനോടെ കണ്ടെത്തി

ഇന്നലെ വൈകീട്ടോടെയാണ് മേപ്പാടി പുത്തിമലയില്‍ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. പുത്തിമലയില്‍ നിന്ന് ഇതുവരെ എട്ട് മൃതദേഹങ്ങള്‍ ലഭിച്ചു. മണിക്കൂറുകള്‍ പരിശ്രമിച്ചാണ് രക്ഷാ പ്രവര്‍ത്തകര്‍ പുത്തിമലയിലേക്ക് എത്തിപ്പെട്ടത്.

Update: 2019-08-09 12:44 GMT

വയനാട്: വയനാട് മേപ്പാടി പുത്തിമലയില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടയില്‍ കുടുങ്ങിയ ഒരാളെ ജീവനോടെ കണ്ടെത്തി. ഒരു രാത്രിയും പകലും മണ്ണില്‍ കുടുങ്ങികിടന്ന ആളെയാണ് രക്ഷാ പ്രവര്‍ത്തകര്‍ മണ്ണിനടിയില്‍ നിന്ന് വീണ്ടെടുത്തത്. ഇയാളെ മാനന്തവാടി ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ വൈകീട്ടോടെയാണ് മേപ്പാടി പുത്തിമലയില്‍ നാടിനെ നടുക്കിയ ദുരന്തം ഉണ്ടാകുന്നത്. വലിയൊരു മല നിന്നിരുന്നിടം ഇടിഞ്ഞ് താഴ്ന്ന് അപ്പാടെ ഒഴുകി ഒരു പ്രദേശത്തെ ആകെ പ്രളയമെടുത്ത അവസ്ഥയാണ് പുത്തിമലയില്‍ കാണാന്‍ കഴിയുന്നത്. കാലാവസ്ഥ പ്രതികൂലമായതും ഇരുട്ട് പടര്‍ന്നതും കാരണം ഇന്നത്തെ തിരച്ചില്‍ നിര്‍ത്തിയിരുന്നു. പുത്തിമലയില്‍ നിന്ന് ഇതുവരെ എട്ട് മൃതദേഹങ്ങള്‍ ലഭിച്ചു. മണിക്കൂറുകള്‍ പരിശ്രമിച്ചാണ് രക്ഷാ പ്രവര്‍ത്തകര്‍ പുത്തിമലയിലേക്ക് എത്തിപ്പെട്ടത്.

തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പാടി അടക്കം വീടുകളും ആരാധനാലയങ്ങളും കടകളും വാഹനങ്ങളും എല്ലാം ഒലിച്ച് പോയ അവസ്ഥയിലാണ് ഇപ്പോള്‍ പുത്തിമല ഉള്ളത്. രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

Tags: