ചെങ്ങന്നൂരില്‍ അഭിഭാഷകന്‍ അടിയേറ്റു മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

അങ്ങാടിക്കല്‍ പുത്തന്‍കാവുനട ക്ഷേത്രത്തിനു സമീപം പൗവ്വത്ത് വീട്ടില്‍ അരവിന്ദന്‍ (33) ആണ് പിടിയിലായത്.

Update: 2020-03-07 18:45 GMT

ചെങ്ങന്നൂര്‍: മാലിന്യം വലിച്ചെറിഞ്ഞതുമായിബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഹെല്‍മെറ്റുകൊണ്ടുള്ള അടിയേറ്റ അഭിഭാഷകന്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അങ്ങാടിക്കല്‍ പുത്തന്‍കാവുനട ക്ഷേത്രത്തിനു സമീപം പൗവ്വത്ത് വീട്ടില്‍ അരവിന്ദന്‍ (33) ആണ് പിടിയിലായത്.ചെങ്ങന്നൂര്‍ കോടതിയിലെ അഭിഭാഷകനായ എബ്രഹാം വര്‍ഗീസ് (65) ആണ് മരിച്ചത്.

രാത്രി 12 മണിയോടെ സ്‌കൂട്ടറില്‍ എത്തിയ എബ്രഹാം കവറില്‍ കരുതിയ മാലിന്യം റോഡരികിലേക്ക് വലിച്ചെറിഞ്ഞു. വീട്ടില്‍ ഫോണ്‍ ചെയ്തുകൊണ്ട് നില്‍ക്കുകയായിരുന്ന അരവിന്ദ് ഇത് കണ്ടു. ഈ സമയം കല്ലിശ്ശേരിയില്‍നിന്ന് വന്ന സുഹൃത്തുക്കളുടെ ബൈക്കിന് പിന്നില്‍ക്കയറി അരവിന്ദ്, എബ്രഹാമിനെ പിന്തുടര്‍ന്നു.

അഭിഭാഷകന്റെ വീടിനുസമീപത്തെ വളവില്‍വെച്ച് ബൈക്ക് തടഞ്ഞുനിര്‍ത്തി. മാലിന്യം എറിഞ്ഞത് ചോദ്യംചെയ്ത് മുഖത്തടിച്ചു. എബ്രഹാം ധരിച്ചിരുന്ന ഹെല്‍മെറ്റ് കൈക്കലാക്കി തലയില്‍ വീണ്ടും അടിച്ചു. താഴെ വീണുകിടന്ന എബ്രഹാമിനെ അരവിന്ദും ഒപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് അങ്ങാടിക്കലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ചെങ്ങന്നൂര്‍ ഗവ. ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇവര്‍തന്നെയാണ് വിവരം അഭിഭാഷകന്റെ വീട്ടിലും പോലിസ് സ്‌റ്റേഷനിലും അറിയിച്ചത്.അപകടത്തില്‍പ്പെട്ട് മരിച്ചെന്നാണ് പറഞ്ഞതെങ്കിലും പോലിസിന്റെ ചോദ്യംചെയ്യലില്‍ ഇവര്‍ അക്രമിച്ചതായി സമ്മതിക്കുകയായിരുന്നു.

Tags:    

Similar News