പോപുലര്‍ ഫ്രണ്ടിന് പരേഡ് നടത്താന്‍ അവകാശമുണ്ടെന്ന് മദ്രാസ് ഹൈക്കോടതി

കഴിഞ്ഞ ഫെബ്രുവരിയില്‍ പോപുലര്‍ ഫ്രണ്ട് ദിനത്തോട് അനുബന്ധിച്ച് യൂനിറ്റി മാര്‍ച്ച് നടത്തുന്നതിന് അനുമതി നിഷേധിച്ച തിരുനെല്‍വേലി പോലിസ് കമ്മീഷണറുടെ നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

Update: 2019-05-15 16:57 GMT

ചെന്നൈ: കഴിഞ്ഞ ഫെബ്രുവരിയില്‍ പോപുലര്‍ ഫ്രണ്ട് ദിനത്തോട് അനുബന്ധിച്ച് യൂനിറ്റി മാര്‍ച്ച് നടത്തുന്നതിന് അനുമതി നിഷേധിച്ച തിരുനെല്‍വേലി പോലിസ് കമ്മീഷണറുടെ നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഫെബ്രുവരി അവസാനം വാദം കേട്ട കേസില്‍ വിധി പറയാന്‍ മാറ്റിവച്ചതായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്.

യൂനിഫോം ധരിച്ച് മാര്‍ച്ച് നടത്തുന്നതിന് അനുമതി നിഷേധിച്ച തിരുനെല്‍വേലി പോലിസ് കമ്മീഷണറുടെ നടപടി റദ്ദാക്കണമെന്നും 2019 ജനുവരി 17ന് നല്‍കിയ പെര്‍മിഷന്‍ അപേക്ഷ പ്രകാരം സംഘടന ആവശ്യപ്പെടുന്ന ദിവസം യൂനിറ്റി മാര്‍ച്ചിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജെ മുഹമ്മദ് അലിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

പോപുലര്‍ ഫ്രണ്ടിനെ ജാര്‍ഖണ്ഡില്‍ നിരോധിച്ചതാണെന്നും അതു കൊണ്ട് തന്നെ ഇന്ത്യയില്‍ ഏത് സംസ്ഥാനത്തും അത് നിരോധിക്കപ്പെടാവുന്നതാണെന്നും ആയതിനാല്‍ ഈ ഘട്ടത്തില്‍ അനുമതി നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ ഭാഗം അഭിഭാഷകന്‍ എസ് ഭാരതി വാദിച്ചു. എന്നാല്‍, ജാര്‍ഖണ്ഡിലെ നിരോധനം കോടതി തന്നെ റദ്ദാക്കിയിരുന്നുവെന്നും ഏതെങ്കിലും ഒരു സംസ്ഥാനത്ത് നിരോധിക്കപ്പെട്ടു എന്നത് മറ്റ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തന അവകാശം നിരോധിക്കാനുള്ള കാരണമല്ലെന്നും വാദിഭാഗം അഭിഷാകന്‍ ടി ലജപതി റോയ് ചൂണ്ടിക്കാട്ടി. നേരത്തേ സമാനമായ ഹരജിയില്‍ പോപുലര്‍ ഫ്രണ്ടിന് അനുകൂലമായി ഉണ്ടായ ഡിവിഷന്‍ ബെഞ്ച് ഉത്തരവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

ഇതേ തുടര്‍ന്നാണ് കോടതി പോലിസിന്റെ വാദം തള്ളിയത്. നമ്മുടേത് പോലുള്ള ഒരു സ്വതന്ത്ര രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് വളരെ പ്രധാനമാണ്. ക്രമസമാധാനമോ മറ്റു പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങളോ ലംഘിക്കപ്പെടാത്തിടത്തോളം പോപുലര്‍ ഫ്രണ്ടിനും പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കണം. അതുകൊണ്ട് തന്നെ ഹരജിക്കാരന്‍ ആവശ്യപ്പെട്ട പരിപാടിക്ക് അനുമതി നല്‍കണമെന്നും കോടതി ഉത്തരവിട്ടു.  

Tags:    

Similar News