'ഓരോ നടപടികളും ഹിന്ദുരാഷ്ട്ര നിര്‍മിതിയിലേക്കുള്ള സത്വര കാല്‍വയ്പ്പിന്റെ ഭാഗം'; പോപുലര്‍ ഫ്രണ്ട് വേട്ടയ്‌ക്കെതിരേ 'മാധ്യമം' മുഖപ്രസംഗം

Update: 2022-09-24 07:44 GMT

കോഴിക്കോട്: രാജ്യത്തുടനീളം കേന്ദ്രസര്‍ക്കാര്‍ സര്‍വവിധ സന്നാഹങ്ങളോടും കൂടി ആരംഭിച്ചിരിക്കുന്ന പോപുലര്‍ ഫ്രണ്ട് വേട്ട അവിചാരിതമാണെന്ന് പറയാനാവില്ലെന്ന് 'മാധ്യമം' മുഖപ്രസംഗം. പ്രതിശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിനു അവര്‍ പൂര്‍വോപരി ശക്തി വര്‍ധിപ്പിച്ചതിന്റെ സൂചനയായി മാത്രമേ പോപുലര്‍ ഫ്രണ്ടിനെതിരായ അപലപനീയമായ നീക്കത്തെ കാണാന്‍ കഴിയൂ. രണ്ടാമൂഴത്തില്‍ നരേന്ദ്രമോദി- അമിത് ഷാ-അജിത് ഡോവല്‍ കൂട്ടുകെട്ട് ദ്രുതഗതിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഓരോ അജണ്ടയും ഹിന്ദുരാഷ്ട്ര നിര്‍മിതിയിലേക്കുള്ള സത്വര കാല്‍വയ്പ്പിന്റെ ഭാഗമാണ്.

ജമ്മു കശ്മീരിന്റെ ഭരണഘടനാ പദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമായി സംസ്ഥാനത്തെ പ്രഖ്യാപിച്ചത് മുതല്‍ ആരംഭിച്ച ഓരോ നടപടിയും അതിന്റെ സ്പഷ്ടമായ സൂചനകള്‍ നല്‍കുന്നുവെന്ന് 'പിഎഫ്‌ഐ വേട്ട' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗം വ്യക്തമാക്കുന്നു. പരമോന്നത കോടതിയാവട്ടെ, തദ്‌സംബന്ധമായ ഹരജികള്‍ പരിഗണനക്കെടുക്കുന്ന സൂചനപോലും നല്‍കിയിട്ടുമില്ല. ജമ്മു കശ്മീരിന് കേവല സംസ്ഥാന പദവി അനുവദിക്കുന്നതുതന്നെയും ബിജെപി അനുകൂല സര്‍ക്കാര്‍ അധികാരമേല്‍ക്കാനുള്ള സാധ്യത ഉറപ്പാക്കിയ ശേഷമാവും. അവിടെ തകൃതിയായി സ്വീകരിക്കുന്ന ഓരോ നടപടിയും മുസ്‌ലിം ഭൂരിപക്ഷാവസ്ഥ ഇല്ലാതാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണുതാനും.

ഭരണകൂട വേട്ടയെക്കുറിച്ച് വ്യാപകവിമര്‍ശങ്ങളുയര്‍ന്നുവരുന്നതിനിടെയാണ് പോപുലര്‍ ഫ്രണ്ടിനെതിരേ സുദീര്‍ഘ ആസൂത്രണത്തിനൊടുവില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം എല്ലാ പഴുതുകളുമടച്ച് നടത്തിയ ഓപറേഷന്‍. ഇതിനകം കേന്ദ്രഭരണത്തിന്റെ രാഷ്ട്രീയപകപോക്കലിനുള്ള ഉപകരണങ്ങളായി മാറിയെന്നു ആക്ഷേപമുയര്‍ന്ന എന്‍ഐഎയും ഇഡിയുമാണ് പരിശോധനാ നടപടികളുടെ ചുമതല വഹിച്ചത്- മുഖപ്രസംഗം പറയുന്നു.

2024ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ മതേതര ഐക്യം തട്ടിക്കൂട്ടാനുള്ള ശ്രമം പല തലത്തിലും നടക്കുന്നുണ്ടെങ്കിലും അതൊക്കെ അതിവിദഗ്ധമായി തട്ടിത്തെറിപ്പിക്കാന്‍ ഹിന്ദുത്വക്ക് കഴിയുന്നുണ്ട്. മതേതര കൂട്ടായ്മയെക്കുറിച്ച് വാചാലരാവുന്ന പാര്‍ട്ടികളൊക്കെയും ന്യൂനപക്ഷ പ്രീണനാരോപണത്തെ മറികടക്കാന്‍ പരമാവധി ശ്രമിക്കുന്നുമുണ്ട്. മതേതരച്ഛായയുള്ള ഏതെങ്കിലും പാര്‍ട്ടി പോപുലര്‍ ഫ്രണ്ടിനെതിരായ പ്രതികാര നടപടികളെ വിമര്‍ശിക്കാനോ അപലപിക്കാനോ അറച്ചുനില്‍ക്കുന്നതും അതുകൊണ്ടുതന്നെ.

എല്ലാ വര്‍ഗീയതകളെയും അടിച്ചമര്‍ത്തണമെന്നാണല്ലോ കോണ്‍ഗ്രസിന്റെ അപ്രഖ്യാപിത പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെതന്നെ പ്രതികരണം. നേരത്തെ രണ്ടുതവണ ആര്‍എസ്എസിനെ നിരോധിച്ചപ്പോഴും ഒരു മുസ്‌ലിം സംഘടനയെക്കൂടി നീതിരഹിതമായി നിരോധത്തിന്‍മേല്‍ കൂട്ടിക്കെട്ടിയതാണ് കോണ്‍ഗ്രസിന്റെ കീഴ്‌വഴക്കവും. വര്‍ഗീയത, തീവ്രവാദം, ഭീകരവാദം എന്നിത്യാദി പദപ്രയോഗങ്ങളെ കൃത്യമായും കണിശമായും നിര്‍വചിക്കാത്തിടത്തോളം കാലം അധികാരം കൈയിലിരിക്കുന്നവര്‍ക്ക് അതിന്റെ ദുര്‍വിനിയോഗം സുസാധ്യമാവുന്നതേയുള്ളൂ- മുഖപ്രസംഗം ഓര്‍മപ്പെടുത്തുന്നു.

Tags: