സര്‍ക്കാര്‍ ആശുപത്രിയിയില്‍ നാലു ദിവസത്തിനിടെ എട്ടു നവജാത ശിശുക്കള്‍ മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് മധ്യ പ്രദേശ് സര്‍ക്കാര്‍

നവംബര്‍ 27നും 30നും ഇടയിലാണ് മരണം നടന്നതെന്ന് ഷാദോല്‍ ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫിസര്‍ ഡോ. രാജേഷ് പാണ്ഡെ പറഞ്ഞു.

Update: 2020-12-02 09:36 GMT

ഭോപ്പാല്‍: ഷാദോല്‍ നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നാല് ദിവസത്തിനുള്ളില്‍ എട്ട് നവജാത ശിശുക്കള്‍ മരിച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ഗോത്രവര്‍ഗ ഭൂരിപക്ഷ പ്രദേശമായ ഷാഡോള്‍, ഉമരിയ, അനുപൂര്‍ ജില്ലകളില്‍ നിന്നുള്ള കുട്ടികളെ നവജാതശിശു സംരക്ഷണ യൂണിറ്റിലും ആശുപത്രിയിലെ പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിലുമാണ് പ്രവേശിപ്പിച്ചിരുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

നവംബര്‍ 27നും 30നും ഇടയിലാണ് മരണം നടന്നതെന്ന് ഷാദോല്‍ ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫിസര്‍ ഡോ. രാജേഷ് പാണ്ഡെ പറഞ്ഞു. നിലവില്‍ 33 കുട്ടികളെ നവജാതശിശു സംരക്ഷണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും എട്ട് പേര്‍ പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും പാണ്ഡെ പറഞ്ഞു.

ഭൂരിപക്ഷം കുട്ടികളും അനിയന്ത്രിതമായ ന്യുമോണിയയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും മൂലമാണ് മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ആരോഗ്യമന്ത്രി ഡോ. പ്രഭുറാം ചൗധരി പറഞ്ഞു.

മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തിങ്കളാഴ്ച രാത്രി ഉത്തരവിട്ടു. അന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറി മുഹമ്മദ് സുലൈമാനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് ചൗധരി പറഞ്ഞു.

Tags:    

Similar News